|

വിദ്വേഷ പരാമര്‍ശം; പി.സി. ജോര്‍ജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോടതി. ഈരാറ്റുപേട്ട കോടതിയുടേതാണ് വിധി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി.സി. ജോര്‍ജ് ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്.

പിന്നാലെ ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും വൈകീട്ട് 6 മണി വരെ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ അപാകത കണ്ടെത്തിയ കോടതി, കസ്റ്റഡി അപേക്ഷയിലെ പിഴവുകള്‍ തിരുത്തി നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തിരുത്തി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.

പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം തേടിയ ജോര്‍ജ്, ഇന്ന് (തിങ്കള്‍) പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി. സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്.

ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

content highlights: hate speech; P.C. George to Jail; Remanded for 14 days