| Wednesday, 25th May 2022, 2:44 pm

വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദു മാഹാ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് നടപടി.

ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്‌ട്രേറ്റ് പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരകാനും പി.സി. ജോര്‍ജിന് നിര്‍ദേശമുണ്ടായിരുന്നു.

വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെ ജോര്‍ജ് ഒളിവില്‍പ്പോയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി.

ഈ ക്ഷേത്ര അധികൃതര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി.സി. ജോര്‍ജ് വിവാദ പരാര്‍മശങ്ങള്‍ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

CONTENT HIGHLIGHTS: Hate speech: P.C. George’s bail was revoked

We use cookies to give you the best possible experience. Learn more