|

വിദ്വേഷപരാമര്‍ശം; പി.സി. ജോര്‍ജിന് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്വേഷപരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വിമര്‍ശിച്ചിരുന്നു.

തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞപ്പോള്‍ പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ടെലിവിഷന്‍ ചര്‍ച്ചയെങ്കില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മുസ്ലിം യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനുവരി ആറിന് ‘ജനം ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊലപ്പെടുത്തിയെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി. സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.

Content Highlight: hate speech; P.C. George has no bail; The High Court rejected the anticipatory bail plea

Video Stories