വിദ്വേഷ പ്രസംഗം അംഗീകരിക്കാനാവില്ല, നിര്‍ത്തലാക്കേണ്ടതുണ്ട്; കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂദല്‍ഹി: രാജ്യത്തെ വിദ്വേഷ പ്രസംഗ കേസുകള്‍ പരിശോധിക്കാന്‍ സമിതിയെ രൂപീകരിക്കാന്‍ കേന്ദ്രത്തോട് ഉത്തരവിട്ട് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ളയാണ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. രാജ്യത്ത് നടക്കുന്ന റാലികളില്‍ ഒരു സമുദായത്തിലെ അംഗത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഷഹീന്‍ കോടതിയില്‍ ഹരജി നല്‍കിയത്.
ഹരിയാനയിലെ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഹരജി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജിനോട് അത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തേടാനും സമിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ആഗസ്റ്റ് 18നകം അറിയിക്കാനും കോടതി ഉത്തരവിട്ടു. വീഡിയോ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാന്‍ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു.
സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും ഐക്യവും ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. ‘സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദവും ഉണ്ടാകണം. എല്ലാ സമുദായങ്ങളും അതുറപ്പാക്കാന്‍ ഉത്തരവാദികളാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നല്ലതല്ല, അത് ആര്‍ക്കും അംഗീകരിക്കാനും ആകില്ല,’ കോടതി നിരീക്ഷിച്ചു.
ഷഹീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഒക്ടോബര്‍ രണ്ടിലെ കോടതിയുടെ ഉത്തരവ് പരാമര്‍ശിക്കുന്നുണ്ട്. ‘ ഒരു സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്നും ശാരീരിക ആക്രമണമോ, വസ്തു വകകള്‍ക്ക് കേടുപാടുകളോ ഉണ്ടാകുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരും പൊലീസും ഉറപ്പാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു,’ എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി ആവശ്യമുള്ളിടത്തെല്ലാം പൊലീസ് സേനയെയും അര്‍ദ്ധ സൈനിക സേനയെയും വിന്യസിക്കുമെന്നും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ സി.സി.ടി.വി നിരീക്ഷിക്കുകയും എല്ലാ സംഘര്‍ഷ സാധ്യത മേഖലകളിലും വീഡിയോ റെക്കോര്‍ഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.
Content Highlights: Hate speech is unacceptable: Supreme court