'ഇടത് ലിബറല്‍ കപട ബുദ്ധിജീവികളെ' കൊലപ്പെടുത്തണമെന്ന ബസ്തര്‍ ടീസറിലെ പരാമര്‍ശം; കേരള സ്‌റ്റോറി സംവിധായകന്റെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍
India
'ഇടത് ലിബറല്‍ കപട ബുദ്ധിജീവികളെ' കൊലപ്പെടുത്തണമെന്ന ബസ്തര്‍ ടീസറിലെ പരാമര്‍ശം; കേരള സ്‌റ്റോറി സംവിധായകന്റെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 2:23 pm

ന്യൂദല്‍ഹി: കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ കോലം കത്തിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

സുദീപ്‌തോ സെന്നിന്റെ പുതിയ ചിത്രമായ ‘ബസ്തര്‍ ദി നക്‌സല്‍ സ്റ്റോറി’ ടീസറിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, എ.ഐ.എസ്.എഫ് തുടങ്ങി 16 ഓളം വരുന്ന വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നക്സല്‍ പക്ഷത്തോടൊപ്പം നില്‍ക്കുന്ന ‘ഇടത് ലിബറല്‍ കപട ബുദ്ധിജീവികളെ’ കൊലപ്പെടുത്തണമെന്ന ടീസറിലെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. നടന്‍ ആദാ ശര്‍മ്മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

തികച്ചും തെറ്റായ കാര്യങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇത് അപകടകരമാണെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സുദീപ്‌തോ സെന്നിനെതിരെയും സിനിമയില്‍ അഭിനയിച്ച മറ്റുതാരങ്ങള്‍ക്കെതിരെയും നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിദ്വേഷ പ്രസംഗം ടീസറില്‍ ഉള്‍ക്കൊള്ളിക്കുകയും വിദ്യാര്‍ത്ഥികളെ പരസ്യമായി വധിക്കാന്‍ ആഹ്വാനം ചെയ്യുകയുമാണ് ബസ്തറിലൂടെ സംവിധയാകനെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നഗരങ്ങളില്‍ താമസിക്കുന്നവര്‍ നക്‌സലുകള്‍ക്ക് പിന്തുണ നല്‍കുന്നവരാണെന്നും ഛത്തീസ്ഗഡിലെ ബസ്തറില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നക്‌സലുകള്‍ കൊലപ്പെടുത്തിയപ്പോള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അത് ആഘോഷിച്ചെന്നും ടീസറില്‍ പറയുന്നുണ്ട്.

സുദീപ്‌തോ സെന്നിനും സഹസംവിധായകനായ ആദാ ശര്‍മയ്ക്കും തിരക്കഥാകൃത്തായ വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവും എസ്.എഫ്.ഐ നേതാവുമായ ഐഷേ ഘോഷ് എക്‌സില്‍ കുറിച്ചു.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പച്ചക്കള്ളങ്ങള്‍ പടച്ചുവിടുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള പച്ചയായ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ഇത്തരം സിനിമകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍വകലാശാല വി.സിയോടും പൂര്‍വ വിദ്യാര്‍ത്ഥികളോടും തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും എക്‌സില്‍ എഴുതിയ കുറിപ്പില്‍ ഐഷേ ഘോഷ് പറഞ്ഞു.

പതിനാറ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യയും സിനിമയ്‌ക്കെതിരെ രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്ന ഫാസിസ്റ്റ് പദ്ധതികളുടെ ഒരു ഭാഗം മാത്രമാണ് ഇത്. ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാനും കളങ്കപ്പെടുത്താനുമാണ് ഇതിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ നിയമവാഴ്ചയെയും ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളേയും ഇവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുമ്പോള്‍ പോലും ഇത്തരം ആഹ്വാനങ്ങളും പ്രചരണങ്ങളും പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നതില്‍ സംശയമില്ലെന്നും സംഘടന വ്യക്തമാക്കി.

സാമൂഹിക നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ദേശവിരുദ്ധരാക്കി മുദ്രകുത്തുകയും വര്‍ഷങ്ങളോളം ഇവരെ ജയിലറകളില്‍ തള്ളുകളാണെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

ആര്‍.എസ്.എസ് ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യയിലുടനീളമുള്ള പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കെതെ വ്യാപമായ വ്യാജ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുയാണെന്നും വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അസോസിയേഷന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ടീസറിന് പിന്നാലെ സുദീപ്‌തോ സെന്നിന് എസ്.എഫ്.ഐ ദല്‍ഹി യൂണിറ്റ് ഒരു തുറന്ന കത്തെഴുതിയിരുന്നു. പുതിയ പ്രൊപ്പഗണ്ട പ്രൊജക്ടിന്റെ ഭാഗമായി നിങ്ങള്‍ നിര്‍മിക്കുന്ന സിനിമയുടെ ടീസര്‍ കണ്ടു. ഈ സിനിമ എങ്ങനെയാണ് ഇന്ത്യയെ ധ്രുവീകരിക്കുകയും വിഭജിക്കുകയും ചെയ്യുന്നതെന്നും ആളുകളുടെ മനസ്സില്‍ വിദ്വേഷം നിറയ്ക്കുന്നതെന്നും അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍വകലാശാലയ്ക്കെതിരെയും സമൂഹത്തിനെതിരെയും നിങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷവും നുണകളും കണ്ണ് തുറന്ന് കണ്ടു മനസിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ എസ്.എഫ്.ഐ കത്തില്‍ പറഞ്ഞു.

തന്റെ മുന്‍ചിത്രമായ കേരള സ്റ്റോറിയിലൂടെ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമവും സുദീപ്‌തോ സെന്‍ നടത്തിയിരുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകള്‍ നിരത്തുന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ ബി.ജെ.പി സംഘപരിവാര്‍ കേരള സ്റ്റോറിയെ ഏറ്റെടുത്തിരുന്നു.

Content Highlight: Hate Speech In Bastar: The Naxal Story’JNU students burn effigy of ‘Kerala Story’ director