ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന രാമനവമി ആഘോഷങ്ങള്‍ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേതാവ് റ്റി.രാജാ സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എല്‍.എക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-A, 506 എന്നീ വകുപ്പുകള്‍ പ്രകാരം അഫ്‌സല്‍ ഗഞ്ച് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അഫ്‌സല്‍ ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ. വീരബാബുവിന്റെ പരാതിയിലാണ് കേസ്. രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിനായി എസ്.എ ബസാറില്‍ താന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നെന്നും ഇതിനിടെ രാജാ സിങ് വിദ്വേഷ പ്രസംഗം നടത്തിയത് ശ്രദ്ധയില്‍ പെട്ടെന്നുമാണ് എസ്.ഐ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജാ സിങ് നടത്തിയ പ്രസംഗം വീഡിയോയില്‍ പകര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. രവീന്ദര്‍ റെഡ്ഢിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
ഹിന്ദിയിലായിരുന്നു രാജാ സിങ്ങിന്റെ പ്രസംഗം. ഇന്ത്യ ഹിന്ദുരാഷ്ട്രമായാല്‍ നാം രണ്ട് നമുക്ക് രണ്ട് എന്ന നയം പിന്തുടരുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കൂവെന്നും, നാം അഞ്ച് നമുക്ക് അമ്പത് എന്ന നയം പിന്തുടരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് രാജാസിങ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
നമ്മുടെ ഋഷീശ്വരന്മാര്‍ ഹിന്ദുരാഷ്ട്രം എങ്ങനെ വേണമെന്നുള്ള കാര്യം നേരത്തേ തന്നെ നിര്‍ണയിച്ചിട്ടുണ്ടെന്നും ആ രാഷ്ട്രത്തിന്റെ തലസ്ഥാനം ദല്‍ഹിയായിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയില്‍ നിന്ന് അത് തെരഞ്ഞെടുക്കപ്പെടുമെന്നും രാജാസിങ് പറഞ്ഞിരുന്നു.
ഹിന്ദുരാഷ്ട്രം കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്നും അവിടെ ഗോവധത്തിനോ മതപരിവര്‍ത്തനത്തിനോ ഇടമുണ്ടാകില്ലെന്നുമൊക്കെയായിരുന്നു പ്രസംഗത്തിലെ മറ്റ് പരാമര്‍ശങ്ങള്‍.
ഈ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍ നടന്ന സകല്‍ ഹിന്ദു സമാജ് റാലിയില്‍ പങ്കെടുത്തു കൊണ്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുംബൈ പൊലീസും രാജാസിങ്ങിനെതിരെ കേസെടുത്തിരുന്നു.
Content Highlights: Hate speech during Ram Navami Rally; Police registered case against BJP leader Raja Singh