ന്യൂദല്‍ഹി: വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച കങ്കാവലി ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെക്കെതിരെ നടപടി. ഘോഷയാത്രക്കിടെ ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതിന് എം.എല്‍.എക്കെതിരെ കേസെടുത്തു.
നിതീഷ് റാണെ, പരിപാടിയുടെ സംഘാടകന്‍ സങ്കല്‍പ് ഘരാട്ട് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഘോഷയാത്ര നിയന്ത്രിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി.
എന്നാല്‍ ഏത് സമൂഹത്തെ ലക്ഷ്യമിട്ടാണ് ബി.ജെ.പി എം.എല്‍.എ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് വ്യക്തമല്ല.
ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ‘സര്‍വ ധര്‍മ സമഭാവ’ അതായത് എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം എന്ന ആശയത്തില്‍ നിന്ന് പിന്മാറണമെന്ന് പരിപാടിക്കിടെ നിതീഷ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിം ബിജെ.പിക്കെതിരെയും നിതീഷ് റാണെക്കെതിരെയും രംഗത്തെത്തുകയുണ്ടായി.
അതേസമയം സങ്കല്‍പ് ഘരാട്ട് അനുമതിയില്ലാതെയാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം, ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ ബി.എന്‍.എസിലെ വകുപ്പുകള്‍ പ്രകാരമാണ് റാണെക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പും സമാനമായ സംഭവത്തില്‍ നിതീഷ് റാണെക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദുമത നേതാവായ രാമഗിരി മഹാരാജിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിതീഷ് മുസ്‌ലിങ്ങളെ താക്കീത് ചെയ്യുകയായിരുന്നു. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സകാല്‍ ഹിന്ദു സമാജ് ആന്ദോളന്റെ സമ്മേളനത്തിലാണ് ബി.ജെ.പി എം.എല്‍.എ മുസ്‌ലിങ്ങളെ അധിക്ഷേപിച്ചത്.
തുടര്‍ന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ റാണെക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സമ്മേളനത്തില്‍ മുസ്‌ലിങ്ങളെ റോഹിങ്ക്യന്മാര്‍, ബംഗ്ലാദേശികള്‍ എന്നിങ്ങനെ റാണെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചുകൊണ്ട് നിതീഷ് റാണെ വീണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
Content Highlight: Hate speech during Ganesha procession; Case against BJP MLA