ന്യൂദൽഹി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ എത്തിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
സമാനമായ കേസിൽ 2019 ൽ വാദം കേട്ട് തീരുമാനം എടുത്തിരുന്നു. അതിനാൽ ഇത്തവണ വാദം കേൾക്കേണ്ടന്നാണ് കോടതി തീരുമാനിച്ചത്.
മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ഫാത്തിമ എന്ന വ്യക്തി നൽകിയ ഹരജിയാണ് കോടതി തള്ളിയത്.. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ ആവശ്യം കോടതി ഹരജി തള്ളിയതോടെ ഫാത്തിമ ഹരജി പിൻവലിക്കുകയായിരുന്നു.
ഹരജി പിൻവലിക്കാൻ സമ്മതിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ അനുവദിക്കണമെന്ന് ഹരജിക്കാരി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രധാനമന്ത്രി
നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനുമെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയും കോടതി തള്ളിയിരുന്നു.
2024 ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ നരേന്ദ്ര മോദി നടത്തിയത്.
Content Highlight: Hate speech, demand to disqualify Modi from election the Supreme Court dismissed the petition