ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാനൊരുങ്ങി സി.പി.ഐ.എമ്മും കോണ്‍ഗ്രസും. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അതിനായുള്ള കൂടിയാലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും വ്യക്തമാക്കി.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേശ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു.
രാജ്യത്തിന്റെ സമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശികള്‍ ന്യൂനപക്ഷങ്ങള്‍ ആണെന്ന് 10 വര്‍ഷം മുമ്പ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ച് കൊണ്ടാണ് മോദി ഈ പ്രസംഗം നടത്തിയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്തിയാണ് മന്‍മോഹന്‍ സിങ്ങ് പ്രസംഗിച്ചിരുന്നത്. എന്നാല്‍ നരേന്ദ്രമോദി അതിനെ മുസ്‌ലിങ്ങള്‍ എന്ന് മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പറയുകയാണ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നാണ് എന്നുമാണ് മോദി പറഞ്ഞത്.
മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുള്ളത്. ഒന്നാം ഘട്ടവോട്ടെടുപ്പിന് ശേഷം നരേന്ദ്രമോദിയുടെ നുണകള്‍ക്ക് വിലയില്ലാതായിട്ടുണ്ട് എന്ന് മനസ്സിലാക്കിയതില്‍ നിന്നാണ് പുതിയ വര്‍ഗീയ പരാമര്‍ശമുണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്ക് വലിയ പിന്തുണ ലഭിക്കുന്നതും പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തിന് കാരണമായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
ആദ്യഘട്ട വോട്ടെടുപ്പിന് ശേഷമുള്ള നിരാശയില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഗീയ പരാമര്‍ശമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് അദ്ദേഹം ഇത്തരം നുണകള്‍ പറയുന്നത് എന്നും ജയറാം രമേശ് പറഞ്ഞു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വളരെ മോശമായിരുന്നു എന്നും അതിന്റെ നിരാശയില്‍ പ്രധാനമന്ത്രിയുടെ മാനസിക നില നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേരയും പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എവിടെയെങ്കിലും ഹിന്ദു-മുസ്‌ലിം എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അത് കാണിക്കാന്‍ പ്രധാനമന്ത്രിയെ പവന്‍ഖേര വെല്ലുവിളിക്കുകയും ചെയ്തു.
content highlights: hate speech; Congress and CPIM will file a complaint against Modi in the Election Commission