മുസ്‌ലിം സമുദായത്തിന് വോട്ടവകാശമില്ലാതാക്കുന്ന നിയമം കൊണ്ടുവരണമെന്ന വിദ്വേഷ പരാമര്‍ശം; കര്‍ണാടകയില്‍ സന്ന്യാസിക്കെതിരെ കേസ്
national news
മുസ്‌ലിം സമുദായത്തിന് വോട്ടവകാശമില്ലാതാക്കുന്ന നിയമം കൊണ്ടുവരണമെന്ന വിദ്വേഷ പരാമര്‍ശം; കര്‍ണാടകയില്‍ സന്ന്യാസിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 12:07 pm

ബെംഗളൂരു: മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിശ്വ വൊക്കലിംഗ മഹാസമസ്ത മഠം സന്ന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസ്. മുസ്‌ലിം വിഭാഗത്തിന് വോട്ടവകാശമില്ലാതാക്കണമെന്ന പരാമര്‍ശം നടത്തിയതില്‍ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

കര്‍ണാടക വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയതിനെതിരെ ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവേയാണ് ചന്ദ്രശേഖരനാഥയുടെ പരാമര്‍ശം.

പ്രദേശത്തെ തന്നെ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ന്യാസിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പറഞ്ഞ ചന്ദ്രശേഖരനാഥ മുസ്‌ലിം സമുദായത്തിന് വോട്ടവകാശമില്ലാത്ത നിയമം കൊണ്ടുവരണമെന്നും പറയുകയായിരുന്നു.

വഖഫ് ബോര്‍ഡ് ഇല്ലാക്കണമെന്നും മറ്റൊരാളുടെ ഭൂമി തട്ടിയെടുക്കുന്നത് ധര്‍മമല്ലെന്നും ഇയാള്‍ പറയുകയുണ്ടായി. വഖഫ് ബോര്‍ഡിന് ആരുടെയെങ്കിലും ഭൂമി ആവശ്യപ്പെടാമെന്നാണ് പറയുന്നത്. ഇത് വലിയ അനീതിയാണെന്നും കര്‍ഷകരുടെ ഭൂമി അവരുടെ കയ്യില്‍ ഉണ്ടെങ്കില്‍ അതിന് വേണ്ടി പോരാടാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 പ്രകാരം ഏതെങ്കിലും മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുകയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം തന്റെ പ്രസ്താവന നാക്ക് പിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും, മുസ്‌ലിങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നും അവര്‍ക്കും മറ്റുളളവരെ പോലെ വോട്ടവകാശമുണ്ടെന്നും പറഞ്ഞ് സന്ന്യാസി പിന്നീട് രംഗത്തെത്തുകയുണ്ടായി.

Content Highlight: Hate speech calling for a law to disenfranchise the Muslim community; Case against monk in Karnataka