അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പരാമർശം; വിശദീകരണം തേടി സുപ്രീം കോടതി
national news
അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പരാമർശം; വിശദീകരണം തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 3:36 pm

ലഖ്‌നൗ: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളും വിമർശങ്ങളും പരിഗണിച്ചാണ് കോടതിയുടെ നടപടി. വി.എച്ച്.പിയുടെ സെമിനാറുകളിലെ ശേഖർ യാദവിന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

രാജ്യസഭാ എം.പിയും അഭിഭാഷകനുമായ കപിൽ സിബൽ, സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ഉൾപ്പെടെയുള്ളവർ ജസ്റ്റിസിന്റെ പരാമർശം ആശങ്ക ഉയർത്തുന്നതാണെന്ന് പ്രതികരിച്ചിരുന്നു. ശേഖർ കുമാർ യാദവിനെതിരെ കപിൽ സിബൽ ഇംപീച്ച്മെൻ്റിന് ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങൾ നടപ്പിലാക്കുകയുള്ളുവെന്നാണ് ശേഖർ യാദവ് പറഞ്ഞത്. ‘ഏകീകൃത സിവിൽ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഏകീകൃത സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും ശേഖർ യാദവ് സെമിനാറിൽ പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനൽകുന്നതാണെന്നും ശേഖർ യാദവ് സംസാരിച്ചിരുന്നു.

ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെടുന്നത് ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠവും യു.സി.സിയെ പിന്തുണക്കുന്നുണ്ടെന്നും ശേഖർ കുമാർ പറഞ്ഞിരുന്നു.

ഇതാദ്യമായല്ല ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്. 2021സെപ്റ്റംബറിൽ, ‘ഓക്‌സിജൻ പുറന്തള്ളുന്ന ഒരേയൊരു മൃഗം പശുവാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.

പശുവിനെ ദേശീയ മൃഗമായി കാണണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ശേഖർ യാദവ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. യു.പിയിലെ ഗോവധ നിയമപ്രകാരം മോഷണം, പശുക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളുടെ ജാമ്യാപേക്ഷ തള്ളുന്നതിനിടെയായിരുന്നു ഈ പരാമർശം.

Content Highlight: Hate speech by Allahabad High Court judge; Supreme Court seeks clarification