| Sunday, 13th August 2023, 3:23 pm

നിങ്ങള്‍ വിരല്‍ ഉയര്‍ത്തിയാല്‍ കൈ ഞങ്ങള്‍ വെട്ടും; പല്‍വാറിലെ മഹാപഞ്ചായത്തില്‍ വിദ്വേഷ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ പല്‍വാറില്‍ ഹിന്ദു ഗ്രൂപ്പ് നടത്തിയ മഹാപഞ്ചായത്തില്‍ വിദ്വേഷ പ്രസംഗം. സമ്മേളനത്തിന് സുരക്ഷക്ക് നില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയാണ് ഇവര്‍ ഭീഷണി മുഴക്കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തരുതെന്ന് പ്രഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സംഘാടകര്‍ പറയുന്നു. എന്നാല്‍ പല പ്രഭാഷകരും വ്യവസ്ഥ ലംഘിച്ച് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങള്‍ വിരലുകള്‍ ഉയര്‍ത്തിയാല്‍ കൈ ഞങ്ങള്‍ വെട്ടുമെന്ന് ഒരു പ്രഭാഷകന്‍ പ്രസംഗത്തിനിടെ പറഞ്ഞു. റൈഫിളിനുള്ള ലൈസന്‍സ് നല്‍കണമെന്ന് സമ്മേളനത്തില്‍ പ്രസംഗത്തിനിടെ അവര്‍ ആവശ്യപ്പെട്ടു.

ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പല്‍വാറില്‍ ഇന്ന് സമ്മേളനം നടക്കുന്നത്. നൂഹിലെ കലാപത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഹിന്ദു ഗ്രൂപ്പ് മഹാപഞ്ചായത്ത് ആസൂത്രണം ചെയ്തത്. എന്നാല്‍ പൊലീസ് സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പല്‍വാറിലേക്ക് സമ്മേളനം മാറ്റുകയായിരുന്നു.

പല്‍വാര്‍-നൂഹ് അതിര്‍ത്തിയിലെ പോണ്‍ട്രി ഗ്രാമത്തിലാണ് ഇപ്പോള്‍ മഹാപഞ്ചായത്ത് നടക്കുന്നത്. നിരവധി വ്യവസ്ഥകളോടെയാണ് മഹാപഞ്ചായത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് പല്‍വാര്‍ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിങ് പറഞ്ഞു.

‘ ആരും വിദ്വേഷ പ്രസംഗം നടത്താന്‍ പാടില്ല, നടത്തിയാല്‍ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസെടുക്കും. ആരും ആയുധങ്ങളോ വടികളോ കൊണ്ടുവരരുത്,’ നല്‍കിയിരിക്കുന്ന വ്യവസ്ഥകളില്‍ പറയുന്നു. 500 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും 2 മണിക്ക് മഹാപഞ്ചായത്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ശക്തമായ സുരക്ഷയും മഹാപഞ്ചായത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു.

സര്‍വ് ഹിന്ദു സമാജാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ബ്രജ്മണ്ഡല്‍ ധാര്‍മിക് യാത്ര ഓഗസ്റ്റ് 28ന് നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഇവര്‍ സമ്മേളനം സംഘടിപ്പിച്ചത്.

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ബജ്‌റംഗദളിനും വി.എച്ച്.പിക്കും മഹാപഞ്ചായത്ത് നടത്താനുള്ള അനുമതി നിഷേധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു സമാജ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. ഇതില്‍ മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മഹാപഞ്ചായത്ത് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സംഘാടകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് ജൂലൈ 31ന് മുടങ്ങിയ യാത്ര ഓഗസ്റ്റ് 28ന് നടത്താന്‍ തീരുമാനിച്ചതായി വി.എച്ച്.പി ഡിവിഷന്‍ മന്ത്രി ദേവേന്ദ്ര സിങ് പി.ടി.ഐയോട് പറഞ്ഞു.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്നും പ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്നും ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള ബാനറുകള്‍ പിടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗുരുഗ്രാം പൊലീസ് ജനങ്ങളോട് പ്രസ്താനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Hate speech at mahapanchayath in palwar

We use cookies to give you the best possible experience. Learn more