| Sunday, 2nd April 2023, 8:36 am

'ഹിന്ദുക്കളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് 45 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും ബുര്‍ഖ ധരിച്ച് നടക്കേണ്ടി വരില്ല'; വിദ്വേഷ പ്രസംഗവുമായി കാജല്‍ ഹിന്ദുസ്ഥാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉന: ഇസ്ലാമോഫോബിക് പരാമര്‍ശവുമായി വലതുപക്ഷ നേതാവ് കാജല്‍ ഹിന്ദുസ്ഥാനി. ഗുജറാത്തിലെ ഉനയില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി കാജല്‍ രംഗത്തെത്തിയത്.
ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുകയാണെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ധാരാളം സ്വാതന്ത്ര്യം ലഭിക്കുമെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കാജല്‍ പറഞ്ഞത്.

‘ഞാന്‍ എന്റെ മുസ്‌ലിം സഹോദരിമാരോട് പറയുകയാണ്, നിങ്ങള്‍ ഒരു ഹിന്ദു പുരുഷനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ നിങ്ങള്‍ക്ക് സഹ ഭാര്യമാരുണ്ടാകില്ല. നിങ്ങളെ കുട്ടികളെ സൃഷ്ടിക്കുന്ന ഒരു യന്ത്രമായാവില്ല പരിഗണിക്കുന്നത്,’ കാജല്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനെതിരെയും കാജല്‍ പരാമര്‍ശങ്ങള്‍ നടത്തി. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ബുര്‍ഖ ധരിക്കേണ്ടി വരില്ലെന്നാണ് കാജല്‍ പറഞ്ഞത്. ഒരു ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ പിന്നീട് ഭീകരവാദികളെന്ന് മുദ്ര കുത്തപ്പെടില്ലെന്നും അവര്‍ പറഞ്ഞു.

കാജല്‍ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉനയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും സംഘര്‍ഷ സാധ്യത ഇല്ലാതാക്കാന്‍ ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ശ്രീപാല്‍ ഷേഷ്മ അറിയിച്ചു.

കാജല്‍ ഒരു സമുദായത്തിനെതിരെ നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്നും ബാധിക്കപ്പെട്ട സമൂഹത്തില്‍ നിന്ന് പരാതി ലഭിച്ചാല്‍ കാജലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ശ്രീപാല്‍ ഷേഷ്മ പറഞ്ഞു.

രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നു. ഹൈദരാബാദില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇന്ത്യ ഹിന്ദുരാഷ്ട്രമായാല്‍ നാം രണ്ട് നമുക്ക് രണ്ട് എന്ന നയം പിന്തുടരുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കൂവെന്നും, നാം അഞ്ച് നമുക്ക് അമ്പത് എന്ന നയം പിന്തുടരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള വിദ്വേഷ പരാമര്‍ശമാണ് രാജാസിങ് തന്റെ പ്രസംഗത്തില്‍ നടത്തിയത്.

നമ്മുടെ ഋഷീശ്വരന്മാര്‍ ഹിന്ദുരാഷ്ട്രം എങ്ങനെ വേണമെന്നുള്ള കാര്യം നേരത്തേ തന്നെ നിര്‍ണയിച്ചിട്ടുണ്ടെന്നും ആ രാഷ്ട്രത്തിന്റെ തലസ്ഥാനം ദല്‍ഹിയായിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയില്‍ നിന്ന് അത് തെരഞ്ഞെടുക്കപ്പെടുമെന്നും രാജാസിങ് പറഞ്ഞിരുന്നു.

ഹിന്ദുരാഷ്ട്രം കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്നും അവിടെ ഗോവധത്തിനോ മതപരിവര്‍ത്തനത്തിനോ ഇടമുണ്ടാകില്ലെന്നുമൊക്കെയായിരുന്നു പ്രസംഗത്തിലെ മറ്റ് പരാമര്‍ശങ്ങള്‍.

ഈ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍ നടന്ന സകല്‍ ഹിന്ദു സമാജ് റാലിയില്‍ പങ്കെടുത്തു കൊണ്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുംബൈ പൊലീസും രാജാസിങ്ങിനെതിരെ കേസെടുത്തിരുന്നു.

Content Highlights: Hate speech against muslim women in Una

We use cookies to give you the best possible experience. Learn more