ഗുവാഹത്തി: മിയ മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ അസം ആരോഗ്യമന്ത്രി അശോക് സിംഗാളിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി. തുടര്‍ന്ന് 20 മിനിറ്റോളം സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ഹിന്ദുക്കളുടെ ഉത്സവങ്ങളില്‍ മിയ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കട നടത്താന്‍ അനുമതി നല്‍കരുതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. മിയ വിഭാഗങ്ങളോട് ബന്ധം പുലര്‍ത്തുന്നവര്‍ക്കൊപ്പം തന്നെ പ്രതീക്ഷിക്കേണ്ടെന്നും അശോക പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ ബി.ജെ.പി മന്ത്രിക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുകയായിരുന്നു. സിംഗാളിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും എ.ഐ.യു.ഡി.എഫ് എം.എല്‍.എ റഫീഖുല്‍ ഇസ്‌ലാം ആവശ്യപ്പെട്ടു.
ഇതിനുമുമ്പും മിയ മുസ്‌ലിങ്ങള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന അല്ലെങ്കില്‍ ബംഗാള്‍ വംശജരായ മുസ്‌ലിങ്ങളാണ് മിയ വിഭാഗം.
ബി.ജെ.പിയും താനും അസമിലെ തദ്ദേശീയരായ മുസ്‌ലിങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തുടര്‍ന്ന് മിയ മുസ്‌ലിങ്ങള്‍ സംസ്ഥാനത്ത് ജോലി ചെയ്യാതിരുന്നാല്‍ ഗുവാഹത്തി തരിശുഭൂമിയായി മാറുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഹിമന്തയ്ക്ക് മറുപടി നല്‍കിയിരുന്നു.
മിയ മുസ്‌ലിങ്ങള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഗുവാഹത്തിയില്‍ പണി എടുത്തില്ലെങ്കില്‍ അവിടം ശ്മാശനമായി മാറുമെന്നും അജ്മല്‍ പറഞ്ഞിരുന്നു.
Content Highlight: Hate speech against Mia Muslims; Violation notice by opposition in assembly against Assam health minister Ashok Singhal