|

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം; അറസ്റ്റിലായ സംസ്ഥാന നേതാവിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്തുവയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച്. നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഇയാളെ ഹാജരാക്കുക.

പരിപാടിയുടെ സംഘാടകന്‍ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതോടെ സംഭവത്തില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി. കൊലവിളി വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനും തോളിലേറ്റിയ ആളും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. കേസിലെ ഇരുപത്താറാം പ്രതി സുധീറാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് ഇരുപത്താറാം പ്രതിയായ സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇയാള്‍. സുധീര്‍ അസ്‌കറിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നു റിപ്പോര്‍ട്ടിലുണ്ട്.

ആലപ്പുഴയില്‍ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പര്‍ധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, പോപ്പുലര്‍ ഫ്രണ്ടിന്റേയും സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റേയും 33 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.

കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

33 അക്കൗണ്ടുകളിലായി 68 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരുന്നത് കണ്ടുകെട്ടിയിട്ടുണ്ട്. പി.എഫ്.ഐ സംസ്ഥാന നേതാവ് എം.കെ. അഷ്‌റഫ് അടക്കം പ്രതിചേര്‍ക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി. നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലായി 59,12,051 രൂപയാണ് ഉണ്ടായിരുന്നത്.

റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളിലായി 9,50,030 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ദല്‍ഹിയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2006ല്‍ കേരളത്തിലാണ് രൂപീകരിക്കപ്പെട്ടത്.

ഇ.ഡിയുടെ കേസുകളില്‍ വസ്തുതയില്ലെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ ഒമ്പത് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

Content Highlight: Hate slogans of the Popular Front March; The state leader will be produced before a magistrate