ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ. നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രകടനത്തിന്റെ സംഘാടകനായിരുന്ന നവാസ് അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പ്രകടനത്തില്‍ പാടില്ലെന്നായിരുന്നു പ്രകടനത്തിന് അനുമതി നല്‍കി പൊലീസ് മുന്നോട്ട് വെച്ച വ്യവസ്ഥകളിലൊന്ന്.
അതേസമയം മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിന്റെ അറസ്റ്റും രേഖപ്പെടുത്തി. ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിനാണ് കേസ്.
കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.
എന്നാല്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണ് കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.
Content Highlights: Hate slogan Popular Front Alappuzha district president arrested