| Wednesday, 23rd April 2014, 12:32 pm

വിദ്വേഷ പ്രസംഗം: ഗിരിരാജിനെതിരെ ജാമ്യമില്ലാ വാറന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ഗിരിരാജ് സിങിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിങ്.

ഝാര്‍ഖണ്ഡിലെ ബൊക്കാറോ കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. ബിഹാറിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതില്‍ നിന്ന് സിങ്ങിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു.

ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലായി  മൂന്ന് കേസുകള്‍ ഗിരിരാജ് സിങിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ തത്വങ്ങളെ പൂര്‍ണമായും അവമതിക്കുന്നതാണ് ഗിരിരാജിന്റെ പ്രസ്താവനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു.

മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും വരുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമെന്നും അത്തരക്കാര്‍ക്ക് പാകിസ്ഥാനിലായിരിക്കും സ്ഥാനമെന്നും ഗിരിരാജ് സിങ് പ്രസ്ഥാവിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ബി.ജെ.പി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയെ വേദിയിലിരുത്തിയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

ഗിരിരാജിന്റെ പരാമര്‍ശങ്ങള്‍ നരേന്ദ്ര മോദി തന്നെ നേരിട്ട് തള്ളിയിരുന്നു. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ നരേന്ദ്ര മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം.

എന്നാല്‍ പരാമര്‍ശത്തില്‍ നിന്നും പിറകോട്ട് പോകാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിങ് തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more