കല്‍പറ്റ: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനും എതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.ആര്‍ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചുവെന്ന് വി. ആര്‍ അനൂപ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
സുരേഷ് ഗോപിയും ബി.ഗോപാലകൃഷ്ണനും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വയനാട്ടില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണമാണ് പൊലീസ് അവസാനിപ്പിച്ചത്.
പരാതിക്കാരനായ തന്റെ മൊഴി പോലും എടുക്കാതെ ഏകപക്ഷീയമായാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് അനൂപ് പറയുന്നത്.
ഈ പൊലീസ് സംവിധാനത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യമെന്നും ഇനി തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കുമെന്നുമാണ് വി.ആര്‍ അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്.
ശബരിമല ക്ഷേത്രം വഖഫ് സ്വത്ത് ആകുമെന്ന് പറഞ്ഞ് മുസ്‌ലിങ്ങള്‍ക്കെതിരെ വെറുപ്പും സ്പര്‍ധയും പടര്‍ത്തുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെയുള്ള പരാതിയും വഖഫ് ബോര്‍ഡിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സുരേഷ്‌ഗോപിയ്‌ക്കെതിരെയും നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണവുമാണ് കമ്പളക്കാട് പൊലീസ് അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വാവര് സ്വാമി അവകാശവാദനമുന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമി ആകുമെന്നും അയ്യപ്പന്‍ ഇറങ്ങി പോകേണ്ടി വരുമെന്നും അത് അനുവദിക്കണോ എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വഖഫ് ബോര്‍ഡിന്റെ പേര് പറയാതെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.’ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്,’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Content Highcourt: hate propaganda; No case against Suresh Gopi and B. Gopalakrishnan; The police stopped the proceedings on VR Anup’s complaint