ബീഫ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹൃദയത്തിലെ രംഗങ്ങള്‍. ഹൃദയത്തിലെ ഏറ്റവും ചര്‍ച്ചയായി രംഗങ്ങളിലൊന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബണ്‍ പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്നത്. ഇതിനെതിരെ തീവ്ര ഹിന്ദുത്വ പേജുകളില്‍ നിന്നും വിദ്വേഷ പ്രചരണമാരംഭിച്ചിരിക്കുകയാണ്.
രാകേഷ് തിയ്യന്‍ എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘മലയാളം സിനിമയായ ഹൃദയത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബിഫ് കഴിക്കുന്നു.
വൃത്തികെട്ട സെക്കുലര്‍ M/C(മുസ്‌ലിം/ ക്രിസ്ത്യന്‍) നല്‍കുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെണ്‍കുട്ടികള്‍ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,’ എന്നാണ് ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിച്ചത്.
കുറിപ്പിന്റെ താഴെ മലയാള സിനിമയെ കുറ്റപ്പെടുത്തിയും കേരളം കശ്മീര്‍ പോലെയാവുമെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്.
കുറിപ്പിന്റെ സ്‌ക്രീന് ഷോട്ട് പല ഹിന്ദുത്വ പേജുകളില്‍ ചര്‍ച്ചയാവുകയും ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുകയുമാണ്.
ഹൃദയത്തിലെ ഗോമാതാ ടീസ്റ്റാള്‍ നേരത്തെ ചര്‍ച്ചായിരുന്നു. അരുണിന്റെ സുഹൃത്തായ ആന്റണി താടിക്കാരന്‍ ഗോമാതാ ടീ സ്റ്റാളില്‍ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് ചര്‍ച്ചയായത്.
വാലന്റൈന്‍സ് ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ചിരുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്.
Content Highlight: Hate propaganda against thehridayam movie in hindutwa groups