| Wednesday, 30th December 2020, 10:20 pm

വിദ്വേഷ രാഷ്ട്രീയം ജനാധിപത്യത്തില്‍ ഗുണം ചെയ്യില്ല, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകണമെന്നും എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ബി.ജെ.പി ദേശീയനിര്‍വാഹകസമിതിയംഗം എം.ടി.രമേശ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശോഭാ സുരേന്ദ്രന്‍ ബി.ജെ.പിയിലെ പ്രമുഖയായ നേതാവാണ്. ബി.ജെ.പി രാഷ്ട്രീയത്തിനപ്പുറം സ്വാധീനമുള്ള സ്ത്രീവ്യക്തിത്വമാണ് ശോഭ സുരേന്ദ്രനെന്നും എം.ടി.രമേശ് പറഞ്ഞു.

പാര്‍ട്ടിയിലെ തലമുറമാറ്റമെന്നാല്‍ മുതിര്‍ന്നവരെ പിന്നിലേക്ക് മാറ്റല്‍ മാത്രമല്ലെന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകണമെന്നും എം.ടി രമേശ് പറഞ്ഞു.

പാര്‍ട്ടിയില്‍ തലമുറ മാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന ആളുകളെ പിന്നിലേക്ക് മാറ്റി പുതിയ ആളുകള്‍ വരുന്നത് മാത്രമല്ല തലമുറ മാറ്റം. പുതിയ ആളുകള്‍ക്ക് പിന്നില്‍ ശക്തിയായി മുതിര്‍ന്ന ആളുകള്‍ നില്‍ക്കുന്നതാണെന്നും എം.ടി രമേശ് പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍ മാത്രം ഊന്നിയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്നും എം.ടി.രമേശ് പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം ജനാധിപത്യത്തില്‍ ഗുണം ചെയ്യില്ല. കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്രസര്‍ക്കാരാണ് സഹായങ്ങള്‍ എത്തിച്ചതെന്നും എം.ടി രമേശ് പറഞ്ഞു.

അതേസമയം നേതൃത്വത്തിനോട് ഇടഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന ശോഭ സുരേന്ദ്രനെതിരെ നടപടിയെടുക്കേണ്ടെന്ന് ബി.ജെ.പി കോര്‍കമ്മറ്റി തീരുമാനിച്ചിരുന്നു.

ശോഭയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വി.മുരളീധരന്‍ പക്ഷവും ശക്തമായി വാദിച്ചെങ്കിലും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുതിര്‍ന്ന നേതാക്കളും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.

ശോഭ സുരേന്ദ്രനെ തിരികെ എത്തിക്കാന്‍ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  MT Ramesh said that the problem of Sobha Surendran and others should be solved and we should go ahead

We use cookies to give you the best possible experience. Learn more