തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെതിരെ വര്‍ഗീയ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു. മനോജ് എബ്രഹാമിനെ “കുളിപ്പിച്ചു കിടത്തു”മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട വെങ്ങാനൂര്‍ സ്വദേശി അരുണിനെയാണ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി കോവളം 20ാം വാര്‍ഡ് വൈസ് പ്രസിഡന്റാണ് അരുണ്‍ . നിലയ്ക്കലില്‍ നടന്ന ലാത്തച്ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രാഹമിനെതിരെ ഭീഷണി മുഴക്കിയത്.
അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 19 നാണ് ഫേസ് ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം എന്ന പോസ്റ്റ് പ്രചരിപ്പിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഐ.ജി. മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു.
മതത്തിന്റെ പേരില്‍ ഐ.ജി. മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐ.ജി. എസ്.ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.