വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണം; സുപ്രീം കോടതിയില്‍ ഹരജി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്
ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം വിദ്വേഷ പ്രസംഗങ്ങളും അതിക്രമങ്ങളും ആവര്‍ത്തിക്കുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.
ജംഇയ്യത്ത് ഉലമ ഹിന്ദ് നേതാവ് മൗലാന സയ്യിദ് മഹ്ദമൂദ് അസദ് മദനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുഗ്രാമിലെ വെള്ളിയാഴ്ച നമസ്‌കാരം തടസ്സപ്പെടുത്തല്‍, ഹരിദ്വാറിലും ദല്‍ഹിയിലും നടന്ന വംശഹത്യാ ആഹ്വാനങ്ങള്‍, ത്രിപുരയിലെ അതിക്രമം തുടങ്ങി രാജ്യത്തുടനീളം നടന്ന വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
മുസ്‌ലിങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നിട്ടും ഭരണകൂടം നടപടിയെടുത്തില്ലെന്നും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. മുസ്‌ലീങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടമോ പൊലീസോ തയ്യാറല്ലെന്നും ഹരജിയില്‍ പറഞ്ഞു.
ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 100 പേരെയാണ് യു.പി പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
തഹ്‌സീന്‍ പൂനെവാല കേസില്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് വിദ്വേഷപ്രസംഗങ്ങള്‍ക്ക് കൂടി ബാധകമാക്കി വിധി പുറപ്പെടുവിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ അതത് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതി തേടണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദല്‍ഹിയിലും ഹരിദ്വാറിലുമായി മുസ്‌ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈന്യത്തിലെ അഞ്ച് മുന്‍ സ്റ്റാഫ് തലവന്മാര്‍ ചേര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിട്ടുണ്ട്.
ഹരിദ്വാറില്‍ നടന്ന മതപരിപാടിയിലായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.
ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hate Crimes Against Muslims On Rise In India : Plea In Supreme Court Seeks Action