ആയിരം വര്‍ഷം നിലനില്ക്കുമെന്ന് ഹിറ്റ്‌ലര്‍ ദീര്‍ഘദര്‍ശനം ചെയ്ത നാസി അധികാരം എത്ര വേഗമാണ് തകര്‍ന്നു പോയതെന്ന് അധികാരത്തിന്റെ മത്ത് പിടിച്ച് അടിഞ്ഞാടുന്ന സംഘികള്‍ ആലോചിക്കുന്നത് നന്ന്.
ചരിത്രത്തിന്റെ ശവപ്പറമ്പുകളില്‍ നിന്ന് ഹിറ്റ്‌ലറുടെയും റോസന്‍ ബര്‍ഗിന്റെയും ഗീബല്‍സിന്റെയും ഗോറിങ്ങിന്റെയും പ്രേതങ്ങള്‍ എഴുന്നേറ്റ് വന്ന് സംഘപരിവാര്‍ നേതാക്കളിലൂടെ താണ്ഡവമാടുകയാണ്. ഇന്ത്യന്‍ മണ്ണില്‍ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷം ചീറ്റുകയാണ്.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും അധികാരം കിട്ടിയതിന്റെ ധാര്‍ഷ്ട്യമാണ് രാജ്യമെമ്പാടും ജയ് ശ്രീറാം വിളിച്ചും വിളിപ്പിച്ചും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ വേട്ടയാടുന്നതിലൂടെ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. മോദിയും അമിത് ഷായും ചേര്‍ന്ന് നിയമ ഭേദഗതികളിലൂടെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും മരണവാറന്റ് ഇറക്കുകയാണ്.
പൗരത്വ നിയമം, എന്‍.ഐ.എ നിയമം, യു.എ.പി.എ, മനുഷ്യാവകാശ നിയമം തുടങ്ങി ഭേദഗതികളിലൂടെ കരിനിയമങ്ങളുടെ ഘോഷയാത്രയാണാ രംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ക്കാനാണ് തങ്ങള്‍ക്ക് ലഭ്യമായ പാര്‍ലിമെന്ററി ഭൂരിപരിക്ഷത്തെയവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
44 തൊഴില്‍ നിയമങ്ങള്‍ 4 തൊഴില്‍ കോഡുകളാക്കി ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം കൊളോണിയല്‍ കാലം മുതല്‍ പൊരുതി നേടിയ തൊഴിലവകാശങ്ങളെയും സേവന വേതനവ്യവസ്ഥകളെയും സംഘടിക്കാനും വിലപേശാനുമുള്ള സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ കൂലിയടിമകളായി പണിയെടുക്കുന്നവരെ അധപതിപ്പിക്കുകയാണ്. ആഗോള മൂലധനത്തിന് കുറഞ്ഞകൂലിക്ക് ഒരു സേവന വ്യവസ്ഥകളുമില്ലാതെ കൂലിയടിമത്താവളമാക്കി ഇന്ത്യയെ മാറ്റി കൊടുക്കുകയാണവര്‍.
ഭീകരതയെ തടയാനെന്ന വ്യാജേന മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കാനും പ്രത്യേക വിഭാഗങ്ങളെ വേട്ടയാടാനുമാണവര്‍ കരിനിയമങ്ങള്‍ കൊണ്ടുവരുന്നത്. മറ്റ് വിഭാഗങ്ങള്‍ക്കൊന്നും ബാധകമല്ലാത്ത ക്രിമിനല്‍ വ്യവസ്ഥകള്‍ ചേര്‍ത്ത് മുത്വലാഖ് നിരോധനനിയമം ചുട്ടെടുത്തത് എന്തിനാണ്? തങ്ങളുടെ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായ രീതിയിലാണ് ഇത്തരം നിയമനിര്‍മ്മാണങ്ങളവര്‍ പടച്ചു വിടുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കമ്യൂണിസ്റ്റുകാരെയും സെക്കുലറിസ്റ്റുകളെയും ലക്ഷ്യമിട്ടാണവര്‍ നീങ്ങുന്നത്.
കടുത്ത വിജ്ഞാനവിരോധം മൂലം ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും അധിക്ഷേപിക്കുകയും വേട്ടയാടുകയുമാണവര്‍.
പാവങ്ങളെ ജയ്ശ്രീറാം വിളിച്ച് ചുട്ടുകൊല്ലുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കും വ്യാപകമാവുന്ന അസഹിഷ്ണുതക്കുമെതിരെ പ്രതികരിച്ചു പോയ കുറ്റത്തിനാണ് രാജ്യമാദരിക്കുന്ന അടൂരിനെ പോലുള്ള കലാകാരന്മാരെയും എഴുത്തുകാരെയും അന്യഗ്രഹത്തിലയക്കുമെന്നത് പോലുള്ള ഭീഷണി സംഘികള്‍ മുഴക്കുന്നത്. ഇന്ത്യയുടെ ലോകാഭിമാനമായിട്ടുള്ള വ്യക്തിത്വങ്ങളെ നിരന്തരമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണവര്‍.
സംഘികള്‍ ലോക്‌സഭയിലെ ഭൂപരിക്ഷവും കോര്‍പ്പറേറ്റുകള്‍ ഒഴുക്കി കൊടുക്കുന്ന കറുത്തതും വെളുത്തതുമായ പണവും ഉപയോഗിച്ച് ജനാധിപത്യ മതനിരപേക്ഷതയെ തകര്‍ക്കുകയാണ്. ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങള്‍ക്കും ചരിത്രഗതിക്കും വിപരീത ദിശയില്‍ സഞ്ചരിച്ചവര്‍ ജനാധിപത്യവഴിയില്‍ തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരം ഉപയോഗിച്ച് ഇന്ത്യയെ തന്നെ ഇല്ലാതാക്കാനുള്ള ത്വരിത ശ്രമത്തിലാണ്. അതിനവരെ അനുവദിച്ചുകൂടാ. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഫാസിസത്തിന്റെ രാഷ്ട്രീയത്തെ അധികനാള്‍ വെച്ചു പൊറുപ്പിക്കില്ല.