വിദ്വേഷ പ്രസംഗം അവസാനിപ്പിക്കാന്‍ മോദി തയ്യാറാകാത്തതിന്റെ ഫലം; ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ വീഡിയോയില്‍ പ്രതിപക്ഷം
national news
വിദ്വേഷ പ്രസംഗം അവസാനിപ്പിക്കാന്‍ മോദി തയ്യാറാകാത്തതിന്റെ ഫലം; ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ വീഡിയോയില്‍ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 8:30 am

ന്യൂദല്‍ഹി: ജയ്പൂര്‍-മുംബൈ എക്‌സ്പ്രസില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവെച്ചുക്കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മും. വിദ്വേഷ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സംഭവത്തിന് ശേഷം ഉദ്യോഗസ്ഥന്‍ സംസാരിക്കുന്ന വീഡിയോ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദീന്‍ ഉവൈസിയും കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി.വിയും പങ്കുവെച്ചിരിക്കുന്നത്.

കുറ്റകൃത്യം നടത്തിയ ശേഷം ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്നാണ് വീഡിയോയില്‍ പറയുന്നത്.

മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണിതെന്ന് ഉവൈസി വിമര്‍ശിച്ചു.

‘മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഒരു ഭീകരാക്രമണം ആണിത്. തുടര്‍ച്ചയായ വിദ്വേഷ പ്രസംഗത്തിന്റെയും അത് നിര്‍ത്താന്‍ മോദി തയ്യാറാകാത്തതിന്റെയും ഫലമാണിത്. ആരോപണ വിധേയനായ ആര്‍.പി.എഫ് ജവാന്‍ ഭാവിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമോ? അദ്ദേഹത്തിന്റെ ജാമ്യത്തെ സര്‍ക്കാര്‍ പിന്തുണക്കുമോ? കുറ്റമോചിതനായി അദ്ദേഹം പുറത്തിറങ്ങിയാല്‍ അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കുമോ? ഇതെല്ലാം തെറ്റാണെന്ന് തെളിയിച്ചാല്‍ സന്തോഷമുണ്ട്,’ എന്നാണ് ഉവൈസി പറഞ്ഞത്.

വിദ്വേഷത്തീയില്‍ കത്തിയിരിക്കുകയാണ് രാജ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി.വിയും വിമര്‍ശിച്ചു.

‘ഈ വീഡിയോയും ജയ്പൂര്‍ മുംബെ ട്രെയ്‌നിലെ കൂട്ടക്കൊലയെ കുറിച്ച് പറയുന്ന വാക്കുകളും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയാണ് വിവരിക്കുന്നത്,’ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രീനിവാസ് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് ജയ്പൂര്‍-മുംബൈ എക്‌സ്പ്രസില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവച്ചുകൊന്നത്. ആര്‍.പി.എഫ് എ.എസ്.ഐ ടീക്കാറാം മീണയും മൂന്ന് യാത്രക്കാരുമാണ് വെടിയേറ്റ് മരിച്ചത്. അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുല്‍ഖാദര്‍ മുഹമ്മദ് ഹുസൈന്‍ (64), സതാര്‍ മുഹമ്മദ് ഹുസൈന്‍ (48) എന്നീ യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. ജയ്പൂരില്‍ നിന്ന്
മുംബൈയിലേക്ക് വരുന്ന 12956 ട്രെയിനില്‍ ബി കോച്ചിലാണ് അക്രമം നടന്നത്.
ട്രെയിനില്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ട്രെയിനിന്റെ ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

അതേസമയം, കൊലപാതക ശേഷം സംസാരിക്കുന്ന പ്രതിയുടെ വീഡിയോ പരിശോധിച്ചുവരികയാണെന്ന് ജി.ആര്‍.പി കമ്മീഷണര്‍ രവീന്ദ്ര ഷിശ്വ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ ഈയൊരു ഘട്ടത്തില്‍ പെട്ടെന്ന് തന്നെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ല. അന്വേഷണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നത് ശരിയല്ല,’ അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ദേഷ്യസ്വഭാവമുള്ള ആളാണെന്നും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നുമായിരുന്നു വെസ്റ്റേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ സെക്യൂരിറ്റി കമ്മീഷണര്‍ പി.സി സിന്‍ഹ പറഞ്ഞത്. ഇപ്പോഴാണ് ചേതന്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Hate Crime; Oppostion parties on railway cop crime