| Friday, 12th May 2023, 11:46 am

'തോമസ്', പേരില്‍ തന്നെ എല്ലാമുണ്ട്; അമ്മയോ പെങ്ങളോ ഐസിസില്‍ പോയാല്‍ ഇങ്ങനെ പറയുമോ; ടൊവിനോക്കെതിരെ വിദ്വേഷ പ്രചരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ് രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ നിന്നും 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസ്.ഐ.എസിലേക്ക് ചേര്‍ത്തുവെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് അത് മൂന്നാക്കിയെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നുമാണ് ടൊവിനോ ചോദിച്ചത്.

കേരളത്തിന്റെ സ്റ്റോറി ഇതല്ലെന്നും അത് താന്‍ സമ്മതിച്ച് തരില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. പ്രളയകാലത്ത് സ്നേഹം കൊണ്ടും കരുണ കൊണ്ടും ഒരുമിച്ച് നിന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നും അന്ന് രാഷ്ട്രീയ പാര്‍ട്ടികളോ മതങ്ങളോ ആരേയും വിഭജിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലെന്നും ദി ഇന്ത്യന്‍ എക്സ്പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും ടൊവിനോയുടെ പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യത്തോടെ നല്‍കിയിരുന്നു. മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ കമന്റില്‍ ടൊവിനോക്ക് പ്രശംസാ പ്രവാഹമായിരുന്നു. എന്നാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ കമന്റില്‍ ടൊവിനോക്കെതിരെ വിദ്വേഷം പ്രവഹിക്കുകയാണ്.

പേരിലെ തോമസ് എല്ലാം പറയുന്നുണ്ടെന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു വിദ്വേഷ കമന്റ്. അമ്മക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിച്ചാല്‍ ഇതുപോലെ പറയുമോ എന്നും കമന്റുണ്ട്.

‘ഈ പ്രസ്താവന ഇദ്ദേഹത്തിന്റെ സാമാന്യ ബോധവും പൊതുവിജ്ഞാനവും കാണിക്കുന്നു, ദയനീയം, ഇദ്ദേഹത്തിന്റെ അമ്മയോ പെങ്ങളോ ഐസിസില്‍ പോകണമെന്ന് ആഗ്രഹിക്കുന്നു, സഭാ അധികൃതരോട് ചോദിക്കൂ, അവര്‍ കണക്ക് തരും,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

‘ടൊവിനോ തോമസ്, അരിച്ചാക്കിന് വേണ്ടി മതം മാറിയവരില്‍ നിന്നും എന്താണ് പ്രതീക്ഷിച്ചത് എന്നാണ് മറ്റൊരു കമന്റ്. അരിചാക്കിന് വേണ്ടി മതം മാറിയവന്‍ എന്ന് നിരവധി കമന്റുകളാണ് വന്നത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ജനങ്ങളെ അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന പദമാണ് അരിച്ചാക്കിന് വേണ്ടി മതം മാറിയവര്‍ എന്നത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളെ അധിക്ഷേപിക്കാനായി ഈ പ്രയോഗം നടത്തുന്നത്.

പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അസഭ്യങ്ങളും കമന്റുകളായി ടൊവിനോക്കെതിരെ വരുന്നുണ്ട്.

Content Highlight: Hate commentsa against Tovino thomas

We use cookies to give you the best possible experience. Learn more