വിനായക ചതുര്‍ഥി ആഘോഷം പങ്കുവെച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. എല്ലാ വര്‍ഷവും ഷാരൂഖ് ഖാനും കുടുംബവും വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. ഇത്തവണയും ആഘോഷത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെ അധിക്ഷേപവുമായി ആളുകള്‍ രംഗത്തെത്തിയത്.
നെറ്റിയില്‍ കുറിതൊട്ടുകൊണ്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മുസ് ലിമായ ഷാരൂഖ് വിനായക ചതുര്‍ഥി കൊണ്ടാടിയതിനെതിരെയാണ് അധിക്ഷേപവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങള്‍ എന്ത് തരം മുസ്‌ലിമാണെന്നും ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണ് അള്ളാഹുവിന്റെ മുന്നില്‍ നില്‍ക്കാന്‍ കഴിയുകയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു.
നെറ്റിയില്‍ കുറിതൊട്ട് മുസ്‌ലിമിന്റെ പേര് ചീത്തയാക്കരുതെന്നും കമന്റുകളുണ്ട്. ഷാരൂഖ് ഖാന്റെ പേര് മാറ്റി സുരേഷ് കുമാര്‍ എന്നാക്കൂ എന്നും പ്രതികരണങ്ങളുണ്ട്.
ഷാരൂഖിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ച നടന്‍ സല്‍മാന്‍ ഖാനു നേരെയും സൈബര്‍ അധിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്.
നേരത്തെയും വിനായക ചതുര്‍ഥി ആഘോഷിച്ച ഷാരൂഖ് ഖാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ താന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണെന്നും തന്റെ മക്കളെ എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നതെന്നും ഷാരൂഖ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക