തിരുവനന്തപുരം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണ വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റിട്ട അധ്യാപികക്കെതിരെ കേസ്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.
‘ഒരു കൊടും വിഷം തീര്‍ന്നു. ഇതിലും വലിയ ഒരു വിഷം തീര്‍ന്നാലെ യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടിയ സി.എയും സറണ്ടറുമൊക്കെ കിട്ടുകയുള്ളു. നമുക്കും ജീവിക്കേണ്ടേ,’ എന്നായിരുന്നു ഗിരിജയുടെ വിദ്വേഷ കമന്റ്.
അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. കേസെടുത്തത് പ്രതികാര നടപടിയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഐ.ജി സ്പര്‍ജന്‍ കുമാറാണ് കോടിയേരിയെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനുമാണ് ഉറൂബ്. ഇയാള്‍ക്കെതിരെസി.പി.ഐ.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എല്‍.വി.എച്ച്.എസ് പി.ടി.എ 2021-22 എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ കോടിയേരി ബാലകൃഷ്ണനെ ‘കൊലയാളി’ എന്ന് അധിക്ഷേപിച്ച് കുറിപ്പിട്ടിരുന്നത്.
CONTENT HIGHLIGHTS: Hate comments against news of kodiyeri balakrishnan’s death; Case against the teacher