| Tuesday, 9th July 2019, 8:15 am

സുജിത്ത് ഭക്തന്റെ കാര്‍ ശ്രീനഗറില്‍ കണ്ട സന്തോഷം രേഖപ്പെടുത്തി ഉത്തരേന്ത്യന്‍ ഡോക്ടറുടെ പോസ്റ്റ്; ഐ.എസ് ബന്ധം കാണുമെന്ന വിദ്വേഷ പരാമര്‍ശവുമായി മറ്റൊരു ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രമുഖ മലയാളി വ്‌ളോഗര്‍ സുജിത്ത് ഭക്തന്റ കാര്‍ ശ്രീനഗറില്‍ കണ്ടതില്‍ സന്തോഷം രേഖപ്പെടുത്തി വന്ന ഫേസ്ബുക്ക് പോസ്റ്റില്‍ തീവ്രവാദ പരാമര്‍ശവുമായി ഒരു ഡോക്ടര്‍. ഇതിനെതിരെ പോസ്റ്റിന് താഴെ വലിയ പ്രതിഷേധം ഉയര്‍ന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ നേപ്പാളിലേക്കായിരുന്നു സുജിത്ത് ഭക്തന്റെയും സംഘത്തിന്റെ യാത്ര. ശ്രീനഗറില്‍ എത്തിയപ്പോള്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ചിത്രം മഹേഷ് വാദ്വാനി എന്ന ഡോക്ടറാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശ്രീനഗറിലെ ഹോട്ടല്‍ ലോബിയില്‍ കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ കണ്ടതിലുള്ള സന്തോഷം രേഖപ്പെടുത്തി, ഇന്ത്യക്കാരെല്ലാം ഒന്നാണ് എന്ന തലക്കെട്ടോടെയാണ് മഹേഷ് പോസ്റ്റ് ചെയ്തത്. ഇതിന് താഴയാണ് രാകേഷ് ദുര്‍ഖുറെ എന്ന മറ്റൊരു ഡോക്ടര്‍ തീവ്രവാദ പരാമര്‍ശം നടത്തിയത്.

ഐ.എസ് ബന്ധം കാണും എന്നാണ് രാകേഷ് ദുര്‍ഖുറെയുടെ കമന്റ്. ഇതിനെതിരെ നിരവധി കമന്റുകള്‍ വന്നിട്ടും രാകേഷ് തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല. താന്‍ ഒരു ഡോക്ടറാണ്. ആദ്യം സംശയിക്കുകയും പിന്നീട് അന്വേഷിക്കുക എന്നതില്‍ തനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇയാള്‍ പറയുന്നു. പിന്നീട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ആശ്വസിക്കുക എന്നതാണ് തന്റെ ശീലമെന്നും രാകേഷ് ദുര്‍ഖുറെ പറയുന്നു. തന്റെ സംശയത്തില്‍ എവിടെയാണ് വിദ്വേഷ പ്രചരണം ഉള്ളതെന്നും ഇയാള്‍ ചോദിക്കുന്നു.

രാകേഷ് ദുര്‍ഖുറെയുടെ ഈ പരാമര്‍ശത്തിനെതിരെ കമന്റുകള്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും ഇത് കള്ളസര്‍ട്ടിഫിക്കറ്റ് ആവുമെന്നാണ് ഒരു കമന്റ്. ഐസിസില്‍ നിന്നാണ് താങ്കള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് സംശയം എന്നാണ് മറ്റൊരു കമന്റ്.

We use cookies to give you the best possible experience. Learn more