| Sunday, 3rd March 2019, 1:51 pm

ഇമ്രാന്‍ ഖാന്റേയും കോടിയേരിയുടേയും ശബ്ദം ഒരുപോലെ; കോടിയേരിയെ പാകിസ്ഥാന്റെ താല്‍പ്പര്യക്കാരനാക്കി മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കൂട്ടിച്ചേര്‍ത്ത് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍. ബാലാകോട്ട് വ്യോമാക്രമണത്തോടുള്ള ഇമ്രാന്‍ ഖാന്റെ സമീപനവും കോടിയേരി ബാലകൃഷ്ണന്റെ സമീപനവും ഒന്നാണെന്ന് പ്രസ്താവിക്കുന്ന കാര്‍ട്ടൂണാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയ മാതൃഭുമി വാരാന്തപ്പതിപ്പിലെ “സണ്‍ഡേ സ്‌ട്രോക്‌സ്” എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഗോപീകൃഷ്ണന്റ കാര്‍ട്ടൂണുള്ളത്.

“പട്ടണപ്രവേശം” എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഒരു രംഗമാണ് കാര്‍ട്ടൂണിന് ആധാരമാക്കിയിരിക്കുന്നത്. ശ്രീനിവാസന്റേയും തിലകന്റേയും കഥാപാത്രങ്ങളെയാണ് ഇമ്രാന്‍ ഖാനും കോടിയേരിയുമായി ചിത്രീകരിച്ചിരിക്കുന്നത്.


പാകിസ്ഥാനിലെ ബാലാകോട്ടിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന ഇമ്രാന്‍ ഖാനോട് സൈക്കിളില്‍റെ പുറകിലിരിക്കുന്ന കോടിയേരി, ചേട്ടന്റേയും എന്റേയും ഒരേ ശബദമാണെന്ന് പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം കോടിയേരി ഉന്നയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്റെ മേല്‍ ചാരുന്നത് തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണെന്ന് ഇമ്രാന്‍ ഖാനും പറഞ്ഞിരുന്നു.

ഇതിനെ കൂട്ടിക്കെട്ടിയാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍. ബി.ജെ.പി വിമര്‍ശനത്തിന്റ പേരില്‍ കോടിയേരിയെ പാക്കിസ്ഥാന്‍ അനുകൂല രാഷ്ട്രീയക്കാരനായി ചിത്രീകരിക്കാനാണ് മാതൃഭൂമി ശ്രമിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ അയവ് വരുത്താനുള്ള ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ പിന്തുണ ലഭിച്ചിരുന്നു.

“പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരക്ക് ജീവനഷ്ടം സംഭവിച്ചിട്ടുണ്ട്. അവിടത്തെ ജനങ്ങളുടെ വേദന, ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍, പരിക്കേറ്റവര്‍, ഇവരൊക്കെ കടന്നുപോകുന്ന മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് ഇന്ത്യ ആഗ്രഹിക്കുന്ന ഏത് തരം അന്വേഷണത്തിനും വേണ്ട സഹായം നല്‍കാം എന്ന് അവരെ അറിയിച്ചത്”- ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.


ബി.ജെ.പി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയമാണ് ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതെന്നായിരുന്നു പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വ്യോമാക്രമണത്തെ പ്രധാനമന്ത്രി ഉപയോഗിക്കുകയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ ഈ അവസരം ഉപയോഗിക്കും എന്നും കോടിയേരി പറഞ്ഞിരുന്നു.

വംശീയ വിദ്വേഷം പരത്തുന്നതും മുസ്‌ലിം വിരുദ്ധവുമാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകളെന്ന് മുമ്പും ആക്ഷേപമുണ്ടായിരുന്നു. സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫയെ ജെയ്ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ കഴിഞ്ഞയാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more