|

'സംഘികളുടെ ഹൃദയഭൂമിയില്‍ നിങ്ങള്‍ ജീവിക്കേണ്ട' രശ്മി നായര്‍ക്കെതിരെ ദേശീയതലത്തില്‍ സംഘപരിവാറിന്റെ ഹെയ്റ്റ് കാമ്പെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ക്കെതിരെ ദേശീയ തലത്തില്‍ സംഘപരിവാറിന്റെ ഹെയ്റ്റ് കാമ്പെയ്ന്‍. കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഊബര്‍, ഓല ടാക്‌സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രശ്മിയിട്ട കുറിപ്പാണ് ഇവരെ പ്രകോപിപ്പിച്ചത്.

നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്സികളിലും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി മുതല്‍ താന്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ച ഊബര്‍ ടാക്സികളുടെ സേവനം ഉപയോഗിക്കില്ലെന്നുമാണ് രശ്മി കുറിച്ചത്.

കഠ്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി വളരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉള്ള വാഹനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നുമാണ് രശ്മി പറഞ്ഞത്.

ഇംഗ്ലീഷിലുള്ള രശ്മിയുടെ കുറിപ്പ് ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് രശ്മിയ്‌ക്കെതിരെ ട്വിറ്ററില്‍ ഹേറ്റ് കാമ്പെയ്‌നുമായി ബി.ജെ.പി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് രശ്മിയ്‌ക്കെതിരെ രംഗത്തുവന്നവരില്‍ ഭൂരിപക്ഷവും.

രശ്മിയ്‌ക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ ബി.ജെ.പി എം.പിയായ പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവരുണ്ട്. അദ്ദേഹം ഷെയര്‍ ചെയ്ത ട്വീറ്റ് ആയിരത്തി അഞ്ഞൂറിലേറെപ്പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും രശ്മിയെ ഓടിക്കണമെന്ന ആഹ്വാനവും ട്വിറ്ററിലൂടെ ഇക്കൂട്ടര്‍ നല്‍കുന്നുണ്ട്. ” ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്. ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല.” എന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ശിവജി മഹാരാജിനെ രശ്മി അപമാനിച്ചെന്നും മഹാരാഷ്ട്ര ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് രശ്മിയ്‌ക്കെതിരെ കേസെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

രശ്മിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരേയും കുടുംബത്തേയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് കമന്റുകളേറെയും.

Video Stories