| Saturday, 8th August 2020, 1:50 pm

ചത്ത പശുവിന് നല്‍കുന്ന വിലയുടെ നൂറിലൊരംശം മനുഷ്യന് നല്‍കാത്തവരാണ് മലപ്പുറത്തിനെതിരെ ഉറഞ്ഞുതുള്ളുന്നത്

വിഷ്ണു വിജയന്‍

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു വാര്‍ത്ത വരികയുണ്ടായി. ഉത്തര്‍പ്രദേശിലെ ലക്‌നൗലെ ഒരു ഗ്രാമത്തില്‍ ദളിത് സമൂഹത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വേളയില്‍ ജാതി വിവേചനത്തിന്റെ ഭാഗമായി ഏകദേശം ഇരുന്നൂറോളം വരുന്ന സവര്‍ണ സമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ ചേര്‍ന്ന് ആ യുവതിയുടെ ശവസംസ്‌കാരം തടഞ്ഞു,

അവരുടെ മൃതദേഹം ചിതയില്‍ നിന്ന് ഇറക്കി വെക്കുകയും ഇവിടെ ഈ ഭൂമിയില്‍ ഒരു ‘ദളിത് സ്ത്രീയുടെ’ മൃതദേഹം സംസ്‌കരിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

പിന്നീട് അവരുടെ ബന്ധുക്കള്‍ അവിടെ നിന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയാണ് ശവ സംസ്‌കാരച്ചടങ്ങ് നടത്തിയത്. ആ ദളിത് സ്ത്രീയെ അവര്‍ ജീവിച്ചിരിക്കുന്ന വേളയിലോ, മരണാനന്തരമോ മനുഷ്യന്‍ എന്ന കാറ്റഗറിയില്‍ അവര്‍ നോക്കി കണ്ടിട്ടുണ്ടാവില്ല.

ഇത് കേവലമൊരു വാര്‍ത്തയല്ല, ഇതൊരു സംസ്‌കാരമാണ്, ഹിന്ദുത്വം ഈ ദേശത്ത് പിന്‍തുടരുന്ന ജാത്യാചാരങ്ങളുട സംസ്‌കാരം, അവരുടെ കൂട്ടര്‍ അവസരം ലഭിക്കുമ്പോള്‍ ഒക്കെ കൃത്യമായി ഇവിടെയും പയറ്റി വരുന്ന രീതിയാണ്, കോട്ടയത്ത് അടുത്ത നാളില്‍ നമ്മള്‍ കണ്ടതാണ്.

കോഴിക്കോട് ഇന്നലെ രാത്രി സംഭവിച്ച വിമാനാപകടത്തെ തുടര്‍ന്ന് കേരളത്തോടും, മലയാളികളോടും സ്വതവേ തുടര്‍ന്ന് പോരുന്ന, അതിലുപരി ഇസ്ലാമോഫോബിയ മുദ്രാവാക്യം എന്നപോലെ നിരന്തരം ഛര്‍ദ്ദിക്കുന്ന മലപ്പുറം അഥവാ ജിഹാദിസ്ഥാന്‍ എന്ന ഉത്തരേന്ത്യന്‍ സംഘ് നരേറ്റീവ് ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.

‘ആ നൂറ്റി മുപ്പത് കോടിയില്‍ ഞങ്ങള്‍ ഇല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞതിന് ലഭിച്ച ശിക്ഷയാണ് ഇതെന്ന് പോലും ഈ നെറികെട്ട കൂട്ടര്‍ പടച്ചു വിടുന്നുണ്ട്. കോവിഡ് കാലത്ത് ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീകളെ ഫ്‌ളാറ്റിന്റെ ഗെയ്റ്റിന് പുറത്ത് നിര്‍ത്തി പരസ്യമായി അധിക്ഷേപിക്കുന്ന ജാതി വിവേചനം കാണിക്കുന്ന, ചത്ത പശുവിന്റെ മാസത്തിന് നല്‍കുന്നതിന്റെ നൂറില്‍ ഒരംശം ജീവിച്ചിരിക്കുന്ന മനുഷ്യന് നല്‍കാത്തവരുടെ ജല്പനങ്ങളാണ്. അവരെ തന്നെ രൂപപ്പെടുത്തി നിലനിര്‍ത്തി പോരുന്ന അവരുടെ ഭാഷയാണ്.

കോവിഡ് ഭീഷണിയൊക്കെ മറവിയിലേക്ക് തള്ളി വിട്ട് ഭക്ഷണവും, വെള്ളവും, വസ്ത്രവും രക്തവും നല്‍കാന്‍ ഇന്നലെ രാത്രി ഒടി വന്ന മനുഷ്യരുണ്ട് ഇങ്ങ് ഈ കൊച്ചു ദേശത്ത്, അതിന് വേണ്ടി അവര്‍ക്ക് ആരും ട്രെയിനിംഗ് നല്‍കേണ്ട കാര്യമില്ല, അതൊക്കെ നമുക്ക് പുത്തരിയല്ല, പുതിയ അനുഭവമല്ല, ഇടയ്ക്കിടെ ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല, ആരെയും നിരന്തരം ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല എന്നറിയാം,

പക്ഷെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.

ഇവിടെ കോല് കറക്കി നടക്കുന്ന, വെറുപ്പ് മാത്രം മൂന്ന് നേരം ഉരുവിട്ടു കഴിയുന്ന, പ്രൈം ടൈം ഡിബേറ്റിലെ അവരുടെ തന്നെ വെറുപ്പിന്റെ വിദഗ്ദന്‍മാര്‍ പടച്ചുണ്ടാക്കി വിടുന്ന നരേറ്റീവ് വാട്‌സ്ആപ് യൂണിവേഴ്സിറ്റി വഴി നേരം പുലരും വരെ ഫോര്‍വേഡ് ചെയ്യുന്നവര്‍ മുതല്‍, അത് ഏറ്റെടുത്ത് ഉത്തരേന്ത്യന്‍ സംഘ് നുണ ഫാക്ടറി വഴി ഇസ്ലാമോഫോബിയ ചേര്‍ത്ത് കേരളത്തിനും, മലപ്പുറത്തിനും എതിരെ കിട്ടുന്ന തക്കത്തില്‍ എല്ലാം ദേശീയ തലത്തില്‍ ഹെയ്റ്റ് ക്യാംപെയ്ന്‍ നടത്തുന്ന കൂട്ടര്‍ക്ക് ഒരിക്കലും, മനസിലാക്കാന്‍ കഴിയാത്ത തിരിച്ചറിയാന്‍ കഴിയാത്ത ജീവിതരീതിയുടെ, ഇടപെടലുകളുടെ അടയാളപ്പെടുത്തലാണ് മേല്‍പ്പറഞ്ഞ മനുഷ്യര്‍, മലപ്പുറം അഥവാ, മനുഷ്വത്വം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷ്ണു വിജയന്‍

We use cookies to give you the best possible experience. Learn more