കളമശ്ശേരി സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം നടത്തി; ഷാജന്‍ സ്‌കറിയക്കെതിരെ പരാതി
Kerala News
കളമശ്ശേരി സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം നടത്തി; ഷാജന്‍ സ്‌കറിയക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 6:48 pm

നിലമ്പൂര്‍: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ക്രിസ്ത്യന്‍ – മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഷാജന്‍ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് അന്‍വറിന്റെ പരാതിയില്‍ പറയുന്നത്. സ്‌കറിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി (ലോ ആന്‍ഡ് ഓര്‍ഡര്‍)ക്കാണ് പി.വി അന്‍വര്‍ പരാതി നല്‍കിയത്.

ഇസ്രഈലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി, ഹമാസ് പ്രേമി പിണറായിക്ക് സുഖമല്ലേ, കളമശ്ശേരിയില്‍ നടന്നത് ഇസ്രാഈല്‍ വിരുദ്ധ സ്‌ഫോടനമോ എന്ന തലക്കെട്ടുകളാലാണ് മറുനാടന്‍ മലയാളിയെന്ന യൂട്യൂബ് ചാനലിലൂടെ ഷാജന്‍ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ വീഡിയോ കേരളത്തിലെ മുസ്ലിങ്ങളെ പ്രതി സ്ഥാനത്ത് നിര്‍ത്താനുള്ള ഉദ്ദേശത്തോടെയാണ് പ്രചരിപ്പിച്ചതെന്ന് പി.വി അന്‍വറിന്റെ പരാതിയില്‍ പറയുന്നു.

മറുനാടന്‍ മലയാളിയെന്ന യൂട്യൂബ് ചാനലിലെ ഉള്ളടക്കത്തെ നിരവധി ആളുകള്‍ പിന്തുടരുന്നുണ്ടെന്നും കളമശ്ശേരി വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ഒട്ടനവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പി.വി അന്‍വര്‍ പരാതിയില്‍ സൂചിപ്പിച്ചു.

ഇതിന് മുന്‍പും ഷാജന്‍ സ്‌കറിയ വിദ്വേഷ സ്വഭാവമുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിന്റെ പേരില്‍ താനടക്കമുള്ള ആളുകള്‍ മറുനാടന്‍ മലയാളിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലായെന്നത് മറ്റൊരു യാഥാര്‍ഥ്യമാണെന്നും പി.വി അന്‍വര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ അടിസഥാനത്തില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് 153എം, 505, 153ബി വകുപ്പുകള്‍ പ്രകാരം മറുനാടന്‍ മലയാളിക്കെതിരെയും ഷാജന്‍ സ്‌കറിയക്കുമെതിരെയും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അന്‍വര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Content Highlight: Hate campaigned on Kalamassery blast; Complaint against Shajan Scaria