| Wednesday, 8th May 2024, 12:51 pm

ബീഫ് തിന്നുന്ന രാമനും, ഹിന്ദു വിരോധിയായ സീതയും, രണ്‍ബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദങ്കല്‍, ചിച്ചോരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍ റഹ്‌മാനും, ഹാന്‍സ് സിമ്മറുമാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറിന്റെയും സായ് പല്ലവിയുടെയും ലൊക്കേഷനിലെ ചിത്രങ്ങള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെ ഇരുവര്‍ക്കും നേരെ തീവ്ര ഹിന്ദുത്വ പേജുകളില്‍ നിന്ന് ഹേറ്റ് ക്യാമ്പയിന്‍ നടക്കുകയാണ്. താന്‍ റെഡ് മീറ്റ് (ബീഫ് മട്ടന്‍) അധികമായി കഴിക്കുന്നയാളാണെന്ന് ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു. ഇതാണ് തീവ്ര ഹിന്ദുത്വ വാദികളെ പ്രകോപിതരാക്കിയത്. തമിഴിനോടും സൗത്ത് ഇന്ത്യയോടുമുള്ള തന്റെ ബഹുമാനം പരസ്യമായി പറഞ്ഞതാണ് സായ് പല്ലവിക്കെതിരെയുള്ള വിദ്വേഷത്തിന് കാരണം.

ഇതിന് പിന്നാലെ, ഇരുവര്‍ക്കുമെതിരെ ഒരേ തരത്തിലുള്ള പോസ്റ്റുകള്‍ തീവ്ര ഹിന്ദുത്വപേജുകളില്‍ നിറയുന്നുണ്ട്. ബീഫ് കഴിക്കുന്നയാളാണ് പുതിയ രാമായണത്തിലെ രാമനെന്നും, ഹിന്ദു വിരോധിയാണ് സീതയെന്നും പറഞ്ഞുകൊണ്ടുള്ള ട്രോളുകളാണ് എല്ലാം. പാര്‍ട്ടിയില്‍ പുകവലിക്കുന്ന രണ്‍ബീറിന്റെയും ഫാന്‍സിനൊപ്പം തന്റെ സിനിമയായ ശ്യാം സിംഘാ റോയ് കാണാന്‍ വേണ്ടി ബുര്‍ഖ ധരിച്ചെത്തിയ സായ് പല്ലവിയുടെ ഫോട്ടോയുമാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ ആശയങ്ങളോട് യോജിപ്പില്ലാത്ത അഭിനേതാക്കള്‍ക്കെതിരെ ഇത്തരം ഹേറ്റ് ക്യാമ്പയിന്‍ നടത്തുന്ന പേജുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുന്നുണ്ട്. സ്‌കൂപ്പ് കൂപ്പ് ഹിന്ദി, സ്‌കൂപ്പ് കൂപ്പ് ഭാരത് എന്നീ പേജുകളാണ് ഇത്തരം ഹേറ്റ് ക്യാമ്പയിന് മുന്നില്‍ നില്‍ക്കുന്നത്.

Content Highlight: Hate campaign by Hindutva pages against Ranbir Kapoor and Sai Pallavi

We use cookies to give you the best possible experience. Learn more