കോഴിക്കോട്: ബുദ്ധന്റെ ചിത്രമുള്ള മാല ധരിച്ചതിന്റെ പേരില്‍ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ മതവര്‍ഗീയവാദികളുടെ വിദ്വേഷ പ്രചരണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ നാമൂസ് എന്നറിയപ്പെടുന്ന മന്‍സൂര്‍ എന്ന യുവാവിനു നേരെയാണ് മതവര്‍ഗീയ വാദികളുടെ വിദ്വേഷ പ്രചരണം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം ഏറ്റുപിടിച്ച് പലരും വീട്ടിലെത്തി അന്വേഷിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണെന്ന് നാമൂസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നാമൂസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചരണം. ഫോട്ടോയില്‍ നാമൂസ് ബുദ്ധന്റെ ചിത്രമുള്ള മാല ധരിച്ചിരുന്നു. ഈ മാല ഉയര്‍ത്തിക്കാട്ടി നാമൂസ് റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ കൊന്നൊടുക്കിയ മ്യാന്‍മറിലെ ബുദ്ധിസ്റ്റുകളെ അനുകൂലിക്കുന്നവനാണ് എന്ന തരത്തിലാണ് മതവര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നത്.
നാമൂസിന്റെ ഫോട്ടോയ്‌ക്കൊപ്പം ഇയാള്‍ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ബുദ്ധമതം പ്രചരിപ്പിക്കുകയാണെന്നും യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞുള്ള ഓഡിയോ സന്ദേശങ്ങളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ ചേകന്നൂര്‍ മൗലവിയുടെ അവസ്ഥ നാമൂസിന് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
“ഈ ഫോട്ടോയില്‍ കാണുന്നത് മന്‍സൂര്‍ എന്നുപറയുന്ന ഒരു ചെറുപ്പക്കാരനാണ്. ഇവനിപ്പം ബുദ്ധമത ആശ്രയിയായാണ് നടക്കുന്നത്. ഈ ബുദ്ധമതം എന്നു പറഞ്ഞാല് നമ്മുടെ മ്യാന്‍മറില്‍ മുസ്‌ലീങ്ങളെ മൊത്തം കൊന്നൊടുക്കിയ ഒരു ടീമാണ്. ഈ ചെറുപ്പക്കാരന്‍ നമ്മുടെ യുവാക്കളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്. പരമാവധി ഈ സന്ദേശം ഷെയര്‍ ചെയ്ത് യുവാക്കളെ ബോധവാന്മാരാക്കുക. പിന്നേന്ന് പറഞ്ഞുകഴിഞ്ഞീണ്ടങ്കല് ഒരു ചേകന്നൂരിനെക്കൊണ്ടുള്ള ശല്യം…. ചേകന്നൂര്‍ എന്തേനീന്നുള്ളതൊക്കെ നമ്മക്കറിയാം. എന്നുപറഞ്ഞാല്‍ അതേപോലെ തന്നെ വേറൊരു ബുദ്ധിസ്റ്റ് ആശ്രയിയായിട്ടാണ് ഈ ചെറുപ്പക്കാരന്‍ നടക്കണത്. അനിസ് ലാമികം ശരിയല്ല, പിന്നെ അതൊക്കെയാണ് പറയുന്നത് “എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം.
മാലയിലെ ബുദ്ധന്റെ ചിത്രമാണ് ഏറ്റവും അപകടകരമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. ” മാലയിടുന്നതിലേറെ ഡെയ്ഞ്ചര്‍ ഇവന്റെ കഴുത്തിലെ ലോക്കറ്റ് ശ്രദ്ധിക്കുക. ഇവന്‍ ബുദ്ധിസ്റ്റ് ആശയം, … ബുദ്ധമതമാണ് നല്ലമതം അങ്ങനെയിങ്ങനെയൊക്കെയുള്ള വര്‍ത്താനൊക്കെ പറഞ്ഞിട്ടാണ് മുന്നോട്ടുപോകുന്നത്. ” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം.
“പിന്നെ അതിനാരെങ്കിലും താനൂര് പച്ചൂര്‍പാപ്പാനെ ആരോകേറി തച്ചുകൊന്നമാതിരി, ഇതിന്റെ ശല്യം കൊണ്ട് ഇതിനാരെങ്കിലും കാലുപിടിച്ച് നെലത്തെടുത്തടിച്ച് കഴിഞ്ഞാല്‍ കുഴപ്പമില്ല. ബുദ്ധിസ്റ്റ് ലോക്കറ്റൊക്കെട്ട് കൊണ്ടടക്കാന്ന് പറഞ്ഞാല് വലിയ ചീഞ്ഞ പരിപാടിയല്ലേ. ” എന്ന ഭീഷണികളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.
നാട്ടുകാരില്‍ ചിലര്‍ തുടങ്ങിയ ഈ വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ഇതേത്തുടര്‍ന്ന് തനിക്ക് വലിയ ഭീഷണികളാണ് ഉണ്ടായിരിക്കുന്നതെന്നും നാമൂസ് പറയുന്നു. സമീപദേശങ്ങളില്‍ നിന്നുള്ളവര്‍ തന്നെ തേടിവന്ന് കാര്യങ്ങള്‍ അന്വേഷിച്ച അനുഭവമുണ്ടെന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും മറ്റും ചിലര്‍ ഫോട്ടോ കാണിച്ച് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചോദിച്ച അനുഭവമുണ്ടായിട്ടുണ്ടെന്നും നാമൂസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
വിദ്വേഷ പ്രചരണത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും നാമൂസ് പറഞ്ഞു.