'അച്ഛന്‍കോവിലാറല്ലടാ ഉപ്പന്‍കോവിലാര്‍'; അച്ഛനായെന്ന പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകള്‍; ട്രോളി സോഷ്യല്‍ മീഡിയ
Kerala News
'അച്ഛന്‍കോവിലാറല്ലടാ ഉപ്പന്‍കോവിലാര്‍'; അച്ഛനായെന്ന പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകള്‍; ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 7:16 pm

കോഴിക്കോട്: തനിക്ക് കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ഗായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകള്‍. സംഭവം ചര്‍ച്ചയായതോടെ വിദ്വേഷം പ്രചരിപ്പിച്ചവരെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഗായകന്‍ സജീര്‍ കൊപ്പം പങ്കുവെച്ച പോസ്റ്റിന് താഴെയായാണ് വിദ്വേഷ കമന്റുകള്‍ എത്തിയത്.

‘അങ്ങനെ ഞാന്‍ അവന്റെ അച്ഛനായി,’ എന്ന കുറിപ്പോട് കൂടിയാണ് സജീര്‍ കൊപ്പം തനിക്ക് കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത അറിയിച്ചത്. ലേബര്‍ റൂമില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരുന്ന ഒരു വീഡിയോയാണ് ഗായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയായി നിരവധി ആളുകളാണ് വിദ്വേഷ കമന്റുകള്‍ പങ്കുവെച്ചത്.

ഉപ്പ എന്ന് പറയാന്‍ മടിയുള്ള നീ ഈ സ്ഥാനത്തിന് അര്‍ഹനല്ല, ഉപ്പ എന്ന് പറയാന്‍ കുറച്ചിലായിരിക്കും, തങ്ങളുടെ നാട്ടില്‍ മുസ്‌ലിമായ ആരും അച്ഛന്‍ ആകാറില്ല ബാപ്പ (ഉപ്പ)യാണ് ആകാറ്…താങ്കള്‍ക്ക് മകന്‍ പിറന്നുവെന്നും എഴുതാമല്ലോ ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ഗായകന്റെ പോസ്റ്റിന് പ്രതികരണമായി വന്നത്.

എന്നാല്‍ ഈ വിദ്വേഷ കമന്റുകളെ ട്രോള്‍ പേജുകള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഇപ്പോള്‍. ‘ഗൂഗിളില്‍ ഫാദര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ പിതാവ് എന്നാണ് അര്‍ത്ഥം ലഭിക്കുക’ ഇത് ഗൂഗിള്‍ തിരുത്തുന്നതുവരെ ഷെയര്‍ ചെയ്യപ്പെടണമെന്ന് ഒരു ഫ്രൊഫൈല്‍ വിമര്‍ശനമുയര്‍ത്തി. ഗൂഗിള്‍ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ഒരു എഫ്.ബി യൂസര്‍ വിമര്‍ശനം ഉന്നയിച്ചത്.

അച്ചാര്‍ ഇപ്പോള്‍ ഉപ്പാറാണെന്നും ഗോഡ്ഫാദര്‍ സിനിമയിലെ ഇഷ്ടപ്പെട്ട കഥാപാത്രം മൂരിപ്പാറ ഉപ്പമായാണെന്നും അച്ഛന്‍കോവിലാര്‍ ഇനി ഉപ്പന്‍കോവിലാര്‍ ആകുമെന്നും അച്ചപ്പമല്ലെടാ ഉപ്പപ്പമാണെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ വിദ്വേഷ കമന്റിട്ടവരെ പരിഹസിക്കുകയാണ്. സൂര്യനായ് തഴുകി ഉണര്‍ത്തുമെന്‍ അച്ഛനെയാണ് എനിക്കിഷ്ടം എന്ന് പാടിയവന്റെ അവസ്ഥ ഇന്ന് ദയനീയമാണെന്നും ട്രോള്‍ പേജുകള്‍ മറുപടി നല്‍കി.

‘പണ്ട് ഉമ്മയെ കാണണം ഉമ്മയെ കാണണം എന്ന് പറയുമ്പോള്‍ പള്ളീലുപ്പമാരെ കാണിച്ച് തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി,’ എന്നതുള്‍പ്പെടെയുള്ള ഡയലോഗുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തുഞ്ചന്‍ത്തെഴുത്തച്ഛന്‍ ഇനിമുതല്‍ തുഞ്ചത്തുപ്പന്‍ ആണെന്നും പാലിയത്തച്ചന്‍ പാലിയത്തുപ്പനാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

എന്നാല്‍ വിദ്വേഷ കമന്റുകളെ വിമര്‍ശിച്ചും സജീര്‍ കൊപ്പത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും പോസ്റ്റിന് താഴെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിദ്വേഷ കമന്റുകളില്‍ ഗായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Hate campaign against the singer’s Facebook post announcing that he has become a father, Social media trolling