ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും മതത്തിന്റെ പേരില്‍ ലക്ഷ്യം വെച്ച് സംഘപരിവാര്‍ അനുകൂല വാര്‍ത്താ ചാനലായ സുദര്‍ശന്‍ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കേ.
ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം നാഗ്പൂരിലെത്തിയപ്പോള്‍ നെറ്റിയില്‍ തിലകം തൊടാന്‍ വിസമ്മതിച്ചു എന്ന് കാണിച്ചാണ് ചവാങ്കേ ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചരണം നടത്തിയത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് മുന്നോടിയായി നാഗ്പൂരിലെ ഹോട്ടിലെത്തിയ ഇന്ത്യന്‍ ടീമിനെ തിലകമണിയിച്ചുകൊണ്ടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റ് ചില താരങ്ങളും തിലകമണിഞ്ഞിരുന്നില്ല.
എന്നാല്‍ ഇതില്‍ സിറാജിനെയും ഉമ്രാനെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഇയാള്‍ ട്വീറ്റ് പങ്കുവെച്ചത്. ഇന്ത്യന്‍ ടീം ഹോട്ടലിലെത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്.
‘മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും നെറ്റിയില്‍ തിലകം തൊടുന്നില്ല. അവര്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരാണ്, അല്ലാതെ പാകിസ്ഥാനികളല്ല. അന്താരാഷ്ട്ര താരമായിട്ടും അവന്‍ സ്വന്തം മതത്തില്‍ തീവ്രമായി ഉറച്ചുനില്‍ക്കുകയാണ് #jago,’ എന്നായിരുന്നു ചവാങ്കേയുടെ ട്വീറ്റ്.
ചവാങ്കേക്ക് പുറമെ മറ്റ് പല ഹിന്ദുത്വ പ്രൊഫൈലുകളും ഇക്കാരണമുന്നയിച്ച് വിദ്വേഷപ്രചരണം നടത്തിയിരുന്നു.
എന്നാല്‍ ചവാങ്കേയുടെ ട്വീറ്റിന് പിന്നാലെ മറ്റ് മാധ്യമപ്രവര്‍ത്തകരും ആരാധകരും എത്തിയിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോറും സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ഹരി പ്രസാദ് അടക്കമുള്ളവര്‍ തിലകമണിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ രംഗത്തുവന്നു. തീവ്ര വലതുപക്ഷവാദികളും ചവാങ്കേയും സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും മാത്രം ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സിറാജിനെ പോലെ ദേശീയവാദിയാകാന്‍ സാധിക്കുമെങ്കില്‍ നിങ്ങളും കൂട്ടരും അങ്ങനെയാകാന്‍ ശ്രമിക്കുക എന്നായിരുന്നു പ്രശ്‌സ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ബോറിയ മജുംദാറിന്റെ പ്രതികരണം.
അതേസമയം, ഫെബ്രുവരി ഒമ്പതിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം നടക്കും. വിദര്‍ഭയാണ് വേദി.
ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)
ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഓസ്ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്‍, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി.
Content Highlight: Hate campaign against Mohammed Siraj and Umran Malik by right wing groups and Sudarshan TV editor