| Tuesday, 17th April 2018, 2:40 pm

തൊഴിലിടത്തിലേക്ക് നീങ്ങുന്ന എതിര്‍പ്പിന്റെ രാഷ്ട്രീയം

എ പി ഭവിത

കഠ് വ സംഭവത്തിന് പിന്നാലെ എതിര്‍പക്ഷത്തുള്ളവരുടെ ജോലി കളയിക്കുക എന്നത് പ്രതിഷേധ രൂപമായി മാറുകയാണ്. സംഘപരിവാറിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എഴുത്തുകാരന്‍ ദീപക് ശങ്കരനാരായണനെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. എച്ച്.പി ഇന്ത്യയുടെ ഫേസ്ബുക്ക് പേജില്‍ കയറി ദീപക്കിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള ക്യാംപെയിന്‍ നടത്തുകയാണ് സംഘപരിവാര്‍ അനുകൂലികള്‍.

പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ ജിതി രാജിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖരന്‍ എം.പിയെ ടാഗ് ചെയ്തു കൊണ്ട് ക്യംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. കഠ്‌വ റേപ്പ് സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രകാരി ദുര്‍ഗ മാലതി വരച്ച ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് മേധാവിയും ബി.ജെ.പി രാജ്യസഭാ എം.പിയുമാണ് രാജീവ് ചന്ദ്രശേഖരന്‍. റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ കൂട്ടത്തില്‍ മലയാളികളും അല്ലാത്തവരുമായ സംഘപരിവാര്‍ അനുകൂലികള്‍ ഉണ്ട്.

സാമൂഹ്യ വിഷയങ്ങളിലും സംഭവവികാസങ്ങളിലുമുള്ള പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും കേവലമായ വാക്കുതര്‍ക്കങ്ങളില്‍ ഒതുങ്ങുന്നില്ല എന്നതിന്റെ തെളിവാണ് ഇത്. കഠ്‌വ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച മലയാളികളെ അവരുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ പ്രതിരോധിക്കുന്നത്‌
ജോലി കളയിച്ചുകൊണ്ടാണ്.

കഠ്വ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു. കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ വിഷ്ണുവിനെ ജോലിയില്‍ നിന്ന പിരിച്ചു വിടണം എന്നാവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായപ്പോള്‍ വിഷ്ണുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി കൊടക് മഹീന്ദ്ര അറിയിച്ചു.

രാഷ്ട്രീയമായ വിയോജിപ്പുകളുടെ പേരില്‍ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുന്ന പ്രചരണങ്ങള്‍ ശരിയല്ലെന്ന വാദം ശക്തമാകുകയാണ്. ഹേറ്റ് പോസ്റ്റിന്റെ പേരില്‍ ക്യാംപെയിന്‍ നടത്തി ഒരാളുടെ പണി കളയുന്നത് അനീതിയാണെന്ന് ദില്ലിയിലെ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റിലെ ഡോക്ടര്‍. ആരതി പി.എം. നിരീക്ഷിക്കുന്നു.

“ഹേറ്റ് പോസ്‌ററ്് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. പരാതിയുടെ കേസില്‍ ക്രിമിനല്‍ കേസെടുക്കുക. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുക. പോസ്‌ററ് അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിയമാവലിക്ക് എതിരാണെങ്കില്‍ തക്കതായ ശിക്ഷ ഉറപ്പുവരുത്തുക. അല്ലാതെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുക എന്നതാവരുത് രാഷ്ട്രീയമായി നേരിടാനുള്ള മാര്‍ഗ്ഗം” ആരതി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളുടെ ജോലി കളയുകയല്ല നീചമായ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളെ അതേനാണയത്തില്‍ നേരിടുകയാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ സെബിന്‍.എ.ജേക്കബ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കി ജോലി നടപടി സ്വീകരിപ്പിക്കുന്നതിനേക്കാള്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്നും സെബിന്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ജോലി നഷ്ടപ്പെടുത്തുന്നതായുള്ള ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ നിന്നും ആക്ടിവിസ്റ്റ് ലാലി.പി.എമ്മിനെ പുറത്താക്കിയത് ബി.ജെ.പി അനുകൂലികള്‍ എന്‍.ബി.ടിയില്‍ എത്തിയതോടെയാണെന്നായിരുന്നു ആരോപണം. ഇടത് അനുകൂല നിലപാടുകളുള്ള റൂബീന്‍ ഡിക്രൂസിനെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ലാലിക്കെതിരെയും നടപടി ഉണ്ടായത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ലാലി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

“ഒടുവില്‍ അവര്‍ ഞങ്ങളെ തേടി വന്നു”. ഫാസിസത്തിന്റെ കടന്നുവരവിനെ ഏറ്റവും ആശങ്കയോടെ കണ്ട് അതിനെതിരേയുള്ള സമരങ്ങളില്‍ എത്ര ദുര്‍ബലമായാലും ഭാഗഭാക്കാകുമ്പോഴും ഞാനൊട്ടും വിചാരിച്ചിരുന്നില്ല അതെന്റെ സ്വപ്നങ്ങളെക്കൂടി കവര്‍ന്ന് കൊണ്ട് പോകുമെന്ന്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, ഭരണകൂടത്തിന്റെ എല്ലാ മെഷീനറികളുടെയും സംഘിവല്‍ക്കരണം അജണ്ടയാക്കിയവര്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ രണ്ട് തൊഴിലാളികളെ ഒരു മണിക്കൂറ് മുമ്പ് പോലും നോട്ടീസ് തരാതെ പുറത്താക്കി. ബി.ജെ.പിക്കാര്‍ക്ക് എന്ത് തൊഴിലാളികള്‍..? എന്ത് മാനവീകത ? എന്ത് തത്വദീക്ഷ..?”

“പുസ്തകശാലയിലെ കനപ്പെട്ട ജോലി സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിരിച്ചു വിട്ടത്. എന്നാല്‍ വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ അത്തരം തീരുമാനം എന്‍.ബി.ടിയില്‍ ഇല്ലെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി പിരിച്ചുവിട്ടതാണെന്ന് ഉറപ്പായി”. ലാലി പറയുന്നു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more