ഒരു സിനിമയുടെ പേരോ അതിലെ പാട്ടോ കേള്‍ക്കുമ്പോള്‍ അതിനെതിരെ വിദ്വേഷ പ്രചരണങ്ങളും ബോയ്‌കോട്ടും ഉണ്ടാവുക. പ്രതിഷേധം മൂലം അതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റം വരുത്തേണ്ടി വരുക. ഇതൊക്കെ അങ്ങ് ഉത്തരേന്ത്യയിലല്ലേ നടക്കുക എന്ന് ചോദിച്ചാല്‍ അവിടെ മാത്രമല്ല എന്ന് പറയേണ്ടി വരും. മലയാള സിനിമയിലേക്കും അടുത്ത കാലത്തായി ഇത്തരം വിദ്വേഷപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിനെതിരെയാണ് ഏറ്റവും ഒടുവില്‍ ഇത്തരം ഒരു വിദ്വേഷ പ്രചരണം നടക്കുന്നത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലൂടെ വലിയ ചര്‍ച്ചയായ സംവിധായകനാണ് വിപിന്‍ ദാസ്. പൃഥ്വിരാജ് സുകുമാരനേയും ബേസില്‍ ജോസഫിനേയും കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ടാണ് വിപിന്‍ ദാസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ഈ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ സിനിമക്കും പൃഥ്വിരാജിനുമെതിരെ തീവ്രഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് എത്തുകയായിരുന്നു. ‘മലയാള സിനിമാക്കാര്‍ക്ക് ദിശബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ,’ എന്നാണ് പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം സിനിമ കാണുമ്പോള്‍ വിമര്‍ശനങ്ങള്‍ മാറുമെന്നാണ് സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞത്. ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടുമെന്നും വിപിന്‍ ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഗുരുവായൂപ്പന്റെ ഭക്തര്‍ക്കും, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടും. നഖക്ഷതങ്ങള്‍, നന്ദനം തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത്.
സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അത് സിനിമ കാണുമ്പോള്‍ മാറും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വിപിന്‍ ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇത്തരം അസഹിഷ്ണുത രൂപപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിക്കുമ്പോള്‍ ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ നടത്തിയവര്‍ അതിന് മുമ്പ് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളിലെ കാവി നിറത്തിലുള്ള വസ്ത്രങ്ങളില്‍ മൗനം ഭുജിക്കുന്ന അതേ കാരണം തന്നെ ഇവിടെയും കാണാനാവും. ദീപിക പൗരത്വ ഭേദഗതി ബില്ലിനെതിരായ ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതില്‍ പങ്കെടുക്കുന്നതും ഷാരൂഖ് ഖാന്റെ പേരും മതവും സംഘപരിവാറിന് പ്രശ്‌നമാവുന്നുണ്ടാവാം.
അതുപോലെ തന്നെ ദ്വീപ് നിവാസികളെ ദുരിതത്തിലാക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പൃഥ്വിരാജ് പ്രതികരിച്ചതും തന്റെ സിനിമകളിലൂടെ നോട്ട് നിരോധനത്തിനമുള്‍പ്പെടെയുള്ളവക്കെതിരെ ഡയലോഗുകള്‍ പറയാന്‍ ധൈര്യം കാണിക്കുന്നതും സംഘപരിവാര്‍ എങ്ങനെയാണ് സഹിക്കുക? അതിനൊന്നും നേരായ മറുപടി പറയാനാവില്ല. അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക, അവരുടെ സിനിമകളെ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി അങ്ങ് ബഹിഷ്‌കരിക്കുക, സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ തുടങ്ങുക. മുമ്പ് വരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തില്‍ വലിയ വിദ്വേഷ പ്രചരണം തുടങ്ങിയിരുന്നു.
ദീപികയുടെ തന്നെ പത്മാവത്, രാം ലീല എന്നീ ചിത്രങ്ങള്‍ക്കെതിരെയും റിലീസിന് മുന്നേ തന്നെ പേരിനെ ചൊല്ലി വിദ്വേഷ പ്രചരണങ്ങളും പ്രതിഷധങ്ങളും നടന്നിരുന്നു. ലോകോത്തര നിലവാരമുള്ള പ്രേക്ഷകരുള്ള കേരളം പോലെയൊരു പുരോഗമന സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ തുടക്കം മുതല്‍ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്.
Content Highlight: hate campaign against guruvayurambala nadayil movie