നടന്‍ മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചരണം. മോഹന്‍ലാല്‍ ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്നാണ് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍ പ്രചരണം നടത്തുന്നത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ഹൃദയം സിനിമയില്‍
നഗുമോ എന്ന പാട്ടില്‍ വാഴയിലയില്‍ ബീഫും പൊറോട്ടയും കഴിക്കുന്ന സീന്‍ ഉണ്ടെന്നാണ് ഒരു ട്വീറ്റ്.
ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് ‘മല്ലുവുഡിന്’ അവകാശം നല്‍കിയതെന്നും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നതെന്നും സ്വാതി ബെല്ലം എന്ന പ്രൊഫൈല്‍ പറയുന്നു.
14,000ത്തോളം ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടിന് വെരിഫൈഡ് ബ്ലൂ ടിക്ക് ഉണ്ട്. തെലുങ്ക്, കന്നഡ ഹിന്ദുക്കള്‍ ഇപ്പോഴും സനാതന സംസ്‌കാരം നിലനിര്‍ത്തുമ്പോള്‍ മലയാളികള്‍ അതിന് തയ്യാറല്ലെന്നും ഇയാളുടെ ട്വീറ്റില്‍ പറയുന്നു.
‘ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും.
എന്നാല്‍ പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്?,’ സ്വാതി ബെല്ലത്തിന്റെ ട്വീറ്റില്‍ പറയുന്നു.
ഈ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണമ വരുന്നത്. ‘മോഹന്‍ലാല്‍ മുസ്‌ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മതഭ്രാന്തന്‍,’ എന്നാണ് അപര്‍ണ എന്ന ഒരു പ്രൊഫൈല്‍ എഴുതിയത്.
ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ട്രോളുകളും വരുന്നുണ്ട്. ജനതാ ഗ്യാരേജ് എന്ന സിനിമയില്‍ ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം മോഹന്‍ലാല്‍ ധരിച്ച മുസ്‌ലിം വേഷം പങ്കുവെച്ച്. ‘കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാവ് എന്‍.ടി. റഹീമിനൊപ്പം ഒരു ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള വഴികള്‍ അദ്ദേഹം എപ്പോഴും കണ്ടെത്തുന്നു,’ എന്നാണ് പരിഹാസരൂപേണ എസ്‌കോബാര്‍ എന്ന പ്രൊഫൈല്‍ മറുപടി നല്‍കിയത്.
ബീഫ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹൃദയത്തിലെ രംഗങ്ങള്‍ക്കെതിരെ മുമ്പും ഹുന്ദുത്വ ആക്രമണം ഉണ്ടായിട്ടുണ്ട്
സിനിമയിലെ ഏറ്റവും ചര്‍ച്ചയായി രംഗങ്ങളിലൊന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബണ്‍ പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്നത്. ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി എന്ന രീതിയിലായിരുന്നു ഈ പ്രചരണങ്ങള്‍.
Content Highlight: Hate campaign against actor Mohanlal on Twitter