ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം ഹസന്‍
I.S.R.O spy case
ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എം ഹസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2017, 8:33 am

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍. ഇതിന് മറ്റു വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും ഏറെ കാലമായി മനസില്‍ ഉണ്ടായിരുന്ന വികാരം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും ഹസന്‍ പറഞ്ഞു.

ഗ്രൂപ്പില്‍ നിന്ന സമ്മര്‍ദ്ദമുണ്ടായോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും ഹസന്‍ പറഞ്ഞു.

ചാരക്കേസുണ്ടായപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കാന്‍ ശ്രമിച്ചതില്‍ കുറ്റബോധമുണ്ടെന്നും കരുണാകരനെ മാറ്റരുതെന്ന് എ.കെ.ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും നിര്‍ദേശിച്ചിരുന്നതായും ഹസന്‍ വെളിപ്പെടുത്തിയിരുന്നു.

ശനിയാഴ്ച കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ഹസന്‍ തുറന്നു പറച്ചില്‍ നടത്തിയത്.

ഇന്നു ചിന്തിക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു എന്നു ബോധ്യമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തു കാലാവധി പൂര്‍ത്തിയാക്കാന്‍ കരുണാകരന് അവസരം നല്‍കേണ്ടതായിരുന്നു. കരുണാകരനെ രാജിയിലേക്കു നയിച്ചത് ആന്റണിയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഘട്ടത്തിലും ആന്റണി മൗനം പാലിച്ചു. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയാല്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക എന്നു പറഞ്ഞ ആളായിരുന്നു ആന്റണി.

അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ആന്റണി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനെത്തിയത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസന്‍ പറഞ്ഞിരുന്നു.