ടെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റേതായി ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ചില ശത്രുക്കള്‍ കരുതിക്കൂട്ടി നടത്തിയ ഗൂഢശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് റുഹാനി പറഞ്ഞു.
‘അവര്‍ക്ക് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കണം. ഈ സാഹചര്യത്തില്‍ എങ്ങനെ ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. എങ്ങനെ ഞങ്ങള്‍ക്ക് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ കഴിയും?,’ റുഹാനി ചോദിച്ചു.
കഴിഞ്ഞദിവസമാണ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റേതായി ചില ഓഡിയോ സന്ദേശങ്ങള്‍ പുറത്ത് വന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ഇറാന്റെ പല സുപ്രധാന രാഷ്ട്രീയ നീക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും ഈ ഓഡിയോയില്‍ ജവാദ് സരീഫ് പറയുന്നുണ്ട്.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമായ സയ്യീദ് ലേലാസ് നടത്തിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് ഈ ഓഡിയോ. ഇറാന് പുറത്തുള്ള ഒരു ഫാര്‍സി ഭാഷ മാധ്യമമാണ് ഓഡിയോ പുറത്തുവിട്ടത്.
ജൂണില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പുറത്തുവന്ന ഈ സന്ദേശം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെയും അദ്ദേഹം നടത്തിയ ഓപ്പറേഷനുകളെ കുറിച്ചും സരീഫ് സംസാരിക്കുന്നുണ്ട്.
ഫീല്‍ഡ് ഓപ്പറേഷനുകള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള അവസരം ഇല്ലാതാക്കുന്ന തരത്തിലുള്ളതാകരുതെന്നും 2015 ലെ ആണവ കരാര്‍ നയതന്ത്ര ചര്‍ച്ചകളുടെ വിജയമായിരുന്നെന്നും സരീഫ് പറയുന്നു. എന്നാല്‍ പലപ്പോഴും ഫീല്‍ഡ് ഓപ്പറേഷനുകള്‍ക്ക് വേണ്ടി നയതന്ത്ര ചര്‍ച്ചകള്‍ ബലി കഴിക്കുന്ന സാഹചര്യമുണ്ടായെന്നും സരീഫ് കൂട്ടിച്ചേര്‍ക്കുന്നു.
2015ല്‍ ഇറാന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിന്റെ നിര്‍ദേശ പ്രകാരം, വ്ളാദിമിര്‍ പുടിനോട് സിറിയന്‍ യുദ്ധത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് സുലൈമാനി റഷ്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പുടിനാണ് സിറിയന്‍ യുദ്ധത്തിലേക്ക് ട്രൂപ്പുമായെത്താന്‍ സുലൈമാനിയെ സമീപിച്ചതെന്നാണ് സരീഫ് പറയുന്നത്.
ഇതു കൂടാതെ മറ്റു പല ആക്രമണങ്ങളും ഇടപെടലുകളുമായും ബന്ധപ്പെട്ട്, ഇറാന്‍ ഇതുവരെ അവകാശപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ജവാദ് സരീഫ് പറയുന്നത്.
ഓഡിയോ സന്ദേശം പുറത്തുവന്നതോടെ ഇറാനിലെ ട്വിറ്ററില്‍ ഇതായിരുന്നു ഏറ്റവും ട്രെന്‍ഡിംഗായ വിഷയം. ഓഡിയോയില്‍ പറയുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മുഹമ്മദ് ജവാദ് സരീഫ് തയ്യാറായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക