ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി അധികാരമേറ്റു
World
ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2013, 12:10 am

[]ടെഹ്‌റാന്‍: ഇറാന്റെ ഏഴാമത്തെ പ്രസിഡന്റായി ഹസന്‍ റൂഹാനി അധികാരമേറ്റു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ പരിഷ്‌ക്കരണവാദിയായ റൂഹാനിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. []

ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. ടെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ അംഗീകാരത്തോടെയാണ് ചുമതലയേറ്റത്.

രാജ്യത്തെ രണ്ടു തവണ നയിച്ച കാര്‍ക്കശ്യക്കാരനായ മഹമ്മൂദ് അഹമദി നെജാദിന് പകരക്കാരനായി ജൂണിലാണ് റൂഹാനി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറാനെ നവീകരിക്കുമെന്നും രാജ്യാന്തര ഒറ്റപ്പെടലിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും റൂഹാനി വാഗ്ദാനം ചെയ്തു.

അറുപത്തിനാലുകാരനായ റൂഹാനി ഇറാന്റെ മുന്‍ ആണവ മധ്യസ്ഥനും 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു മുമ്പുള്ള ഇസ്‌ലാമിക പ്രവര്‍ത്തകനുമാണ്.

ഇറാനെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിച്ച് അര്‍ഹിക്കുന്ന ആദരവോടെ സംഭാഷണത്തിന് പടിഞ്ഞാറ് മുന്നോട്ടുവരണമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് അനുകൂലമായും പ്രതികൂലമായും വോട്ടുചെയ്തവരെ രാജ്യത്തിന്റെ പൗരന്മാരെന്ന പരിഗണനയോടെ തുല്യമായി പരിഗണിക്കും. മിതത്വവും പ്രതീക്ഷയുമാണ് തന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

മാറ്റം ആഗ്രഹിച്ച ഒരു ജനത തന്നില്‍ അര്‍പ്പിച്ച വിശ്വാസമായിട്ടാണ് തന്റെ സ്ഥാനാരോഹണത്തെ കാണുന്നതെന്ന് ഇറാന്‍ ജനതയോട് അദ്ദേഹം പറഞ്ഞു.

ജറുസലേമില്‍ പലസ്തീനികള്‍ക്കുള്ള അധികാരത്തെക്കുറിച്ച് ഖമോ നി റൂഹാനിയുമായി ചര്‍ച്ച നടത്തി. അടിച്ചമര്‍ത്തലിനും അരാജകത്തത്തിനുമെതിരെ പോരാടണണമെന്ന് അദ്ദേഹം റൂഹാനിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുമെന്ന് റൂഹാനി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 2002 ല്‍ റൂഹാനി ഇന്ത്യ സന്ദര്‍ശിച്ചിട്ടുമുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതന്റെ ഭാഗമായാണ് ഉപരാഷ്ട്രപതി പ്രത്യേക വിമാനത്തില്‍ ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.