ഹസ്ന്‍ മിന്‍ഹാജിന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോ 'പാട്രിയോട് ആക്ട്'അവസാനിച്ചു; നിരാശരായി ആരാധകര്‍
web stream
ഹസ്ന്‍ മിന്‍ഹാജിന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോ 'പാട്രിയോട് ആക്ട്'അവസാനിച്ചു; നിരാശരായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th August 2020, 11:04 pm

വാഷിങ്ങ്ടണ്‍: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഹസ്ന്‍ മിന്‍ഹാജിന്റെ പ്രശസ്ത നെറ്റ്ഫ്‌ളിക്‌സ് ഷോ പാട്രിയട്ട് ആക്ട് അവസാനിച്ചു. ഹസന്‍ തന്നെയാണ് പരിപാടി അവസാനിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഷോയുടെ ഏഴാം സീസണ്‍ ആരംഭിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് പ്രോഗ്രാം അവസാനിച്ചതായി ഹസ്ന്‍ മിന്‍ഹാജ് അറിയിച്ചത്. ഷോയുടെ പുതിയ സീസണ്‍ ആരംഭിക്കണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്.

‘എന്തൊരു യാത്രയായിരുന്നു അത്. പ്രാട്രിയോട് ആക്ട് ഒടുവില്‍ അവസാനിച്ചിരിക്കുന്നു. ഏറ്റവും മികച്ച എഴുത്തുകാരും, നിര്‍മാതാക്കളും ഗവേഷകരും ആനിമേറ്റര്‍മാരുമൊത്ത് ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചു. എന്റെ രണ്ട് കുട്ടികളും ഈ ഷോയോടൊപ്പമാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. നെറ്റ്ഫ്‌ലിക്‌സിനും എല്ലാ കാഴ്ച്ചക്കാര്‍ക്കും നന്ദി. ഇനി ആ കാഴ്ച്ചകള്‍ തിരികെ നല്‍കാനുള്ള സമയമാണ്.’ എന്നാണ് ഹസന്‍ മിന്‍ഹാജ് ട്വിറ്ററില്‍ കുറിച്ചത്.

പാട്രിയോട് ആക്ടിന്റെതായി 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെ ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയത്. എമ്മി പുരസ്‌കാരം അടക്കം നിരവധി അംഗീകരങ്ങള്‍ ഷോയ്ക്ക് ലഭിച്ചിരുന്നു.

നേരത്തെ ഹസനെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.പൗരത്വ പട്ടികയും പൗരത്വഭേദഗതി നിയമവുമടക്കം നിരവധി കാര്യങ്ങളില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ ഹസന്‍ മിന്‍ഹാജ് അവതരിപ്പിച്ചതും സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരുന്നു.

#BoycottNetflix എന്ന ഹാഷ്ടാഗില്‍ ഹസനും നെറ്റ്ഫ്ളിക്സിനുമെതിരെ ക്യാംപെയ്നും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നു. ‘ഇന്ത്യന്‍ ഇലക്ഷന്‍സ് | പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ എന്ന വീഡിയോയാണ് അന്ന് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും ഭാരതസര്‍ക്കാറിനെ അവഹേളിക്കുന്നതാണെന്നുമായിരുന്നു സംഘപരിവാര്‍ ആരോപണം.

Hassan Minhaj’s Netflix show ‘Patriot Act’ ends; Disappointed fans