അവനിറങ്ങുന്നു; 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തീക്കാറ്റ് ലോകകപ്പിലും ആഞ്ഞുവീശും
icc world cup
അവനിറങ്ങുന്നു; 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തീക്കാറ്റ് ലോകകപ്പിലും ആഞ്ഞുവീശും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd September 2023, 5:56 pm

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് 1992ന് ശേഷം വീണ്ടും പാകിസ്ഥാന്‍ മണ്ണിലേക്ക് കപ്പുമായി മടങ്ങാന്‍ ഒരുങ്ങിയെത്തുന്നത്.

ഷഹീന്‍ ഷാ അഫ്രിദിയും ഹാരിസ് റൗഫും നേതൃത്വം നല്‍കുന്ന പേസ് നിര തന്നെയാണ് പാക് പടയുടെ കരുത്ത്. പരിക്കേറ്റ നസീം ഷായ്ക്ക് ഈ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. പാകിസ്ഥാന്‍ പേസ് ട്രയോയെ ഇത് കാര്യമായി തന്നെ ബാധിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

എന്നാല്‍ നസീം ഷായ്ക്ക് പകരം സ്‌ക്വാഡിലെത്തിയ താരത്തെ കണ്ടതോടെ പാകിസ്ഥാന്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. സൂപ്പര്‍ താരം ഹസന്‍ അലിയാണ് പേസാക്രമണത്തില്‍ പാകിസ്ഥാന് മുതല്‍ക്കൂട്ടാകാനൊരുങ്ങുന്നത്.

ഹസന്‍ അലിയെ ഇന്ത്യന്‍ ആരാധകര്‍ അത്രപെട്ടന്നൊന്നും മറക്കാനിടയില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടതില്‍ പ്രധാന പങ്കുവഹിച്ചത് ഹസന്‍ അലിയായിരുന്നു.

ഇതിന് ശേഷം ഇന്ത്യക്ക് മേല്‍ കാര്യമായ പ്രഹരമേല്‍പിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും, 2019 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കാര്യമായി റണ്‍സ് വഴങ്ങിയിരുന്നെങ്കിലും 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആരാധകരുടെ മനസില്‍ കെടാത്ത കനലായി ബാക്കിനില്‍ക്കും.

ഫൈനലില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 6.3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഹസന്‍ അലി വീഴ്ത്തിയത്. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരെയായിരുന്നു ഹസന്‍ അലി മടക്കിയത്.

ഇതിന് പുറമെ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തും പാകിസ്ഥാന്‍ പേസറെ തന്നെയായിരുന്നു. ടൂര്‍ണമെന്റില്‍ 13 വിക്കറ്റാണ് ഹസന്‍ അലി വീഴ്ത്തിയത്. 14.69 എന്ന ആവറേജും 4.29 എന്ന എക്കോണമി റേറ്റിലുമാണ് ഹസന്‍ അലി പന്തെറിഞ്ഞത്.

 

വരാനിരിക്കുന്ന ലോകകപ്പിലും ഹസന്‍ അലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പാകിസ്ഥാന്‍ നിരയില്‍ നിര്‍ണായകമാകുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

പാകിസ്ഥാന്റെ ലോകകപ്പ് സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, ഒസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി, മുഹമ്മദ് വസീം ജൂനിയര്‍.

ട്രാവലിങ് റിസര്‍വ്‌സ്

മുഹമ്മദ് ഹാരിസ്, അബ്രാര്‍ അഹമ്മദ്, സമാന്‍ ഖാന്‍.

 

 

 

Content highlight: Hassan Ali included in Pakistan’s world cup squad