| Tuesday, 9th June 2020, 12:07 pm

ഹസ്രത്ത് നിസാമുദ്ദീന്‍ ഗ്രാമം ഇനിയും തുറന്നില്ല; അടച്ചിടലിന് പിന്നില്‍ മുസ്‌ലിം വിരോധമെന്ന് പരാതി

എ.എം യാസിര്‍

ന്യൂദല്‍ഹി: ലോക്ക് ഡൗണില്‍ പലയിടത്തും ഇളവനുവദിച്ചിട്ടും ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ധീന്‍ ഗ്രാമം 65 ദിവസമായിട്ടും തുറക്കാനനുവദിക്കുന്നില്ല. ഗ്രാമത്തില്‍ ഇതുവരെ ഒരു കൊവിഡ്-19 പോസിറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യം മുഴുവനും ജൂണ്‍ 8നു തുറന്നപ്പോഴും നിസാമുദ്ധീന്‍ ഗ്രാമം മാത്രം തുറക്കാത്തത് മുസ്ലിം വിരോധമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാര്‍ച്ച് 30 നാണ് ഹസ്രത്ത് നിസാമുദ്ധീന്‍ അടച്ചുപൂട്ടിയത്. മേഖലയില്‍ നിന്നും ഒരു കൊവിഡ് -19 പോസീറ്റീവ് കേസു പോലും അന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇതുസംബന്ധിച്ച് ഹസ്രത്ത് നിസ്സാമുദ്ധീന്‍ വില്ലേജ് പ്രസിഡണ്ട്, സൗത്ത്-ഈസ്റ്റ് ദല്‍ഹി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഹര്‍ലീന്‍ കൗര്‍ ഐ.എ.എസിനു നോട്ടീസ് നല്‍കി. ഇതുവരെ വില്ലേജ് തുറക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢാലോചനയുണ്ടെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

” പ്രദേശം തുറക്കാത്തതിനാല്‍ പ്രദേശവാസികള്‍ പട്ടിണിയും ദുരിതവും അനുഭവിക്കുകയാണ്. ആര്‍ക്കും ജോലിക്ക് പോവാനാകുന്നില്ല. ദൈനംദിന ജീവിതം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ” നോട്ടീസില്‍ പറയുന്നു. പ്രദേശവാസികളെ ഭീകരവാദികളെന്നപോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കനത്ത പൊലീസ് കാവലിലാണ് പ്രദേശം. പൊലീസിനു പുറമെ സി.ആര്‍.പി.എഫിനേയും വിന്യസിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ജോലിയും കൂലിയുമില്ലെന്നു മാത്രമല്ല ഇവിടത്തെ യുവാക്കള്‍ കൊറോണ വൈറസ് പകര്‍ത്തുന്നവരാണെന്നാരോപിച്ച് സാമൂഹിക ബഹിഷ്‌കരണവും നേരിടുന്നുണ്ട്. അതിനാല്‍ പ്രദേശത്തുകാര്‍ കാര്യമായ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ അഭിഭാഷകന്‍ മെഹമ്മൂദ് പ്രാച്ച ചൂണ്ടിക്കാട്ടി.

” കൊവിഡ് -19 ന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തി പെടുത്താനായി 20,000 പേര്‍ താമസിക്കുന്ന ഈ പ്രദേശം യാതൊരു കാരണവുമില്ലാതെ അടച്ചിടുകയായിരുന്നു താങ്കള്‍. ഏതെല്ലാം മേഖലകള്‍ അടക്കണമെന്ന കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് താങ്കള്‍ ഞങ്ങളുടെ പ്രദേശം അടച്ചുപൂട്ടിയത്.” എന്നും ആരോപിക്കുന്നു.

പ്രദേശം അടച്ചുപൂട്ടിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും പറയുന്നു.

ഏപ്രില്‍ 5 നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ നോട്ടീസില്‍ പറയുന്നത് പ്രകാരം അവസാനത്തെ 28 ദിവസത്തിനകം ഒറ്റ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കണ്ടെയ്മെന്റ് സോണ്‍ തുറക്കാമെന്നാണ്. എന്നാല്‍ ഇതൊന്നും ജില്ലാ മജിസ്ട്രേറ്റ് പാലിച്ചിട്ടില്ലെന്നും അഡ്വ. മെഹമ്മൂദ് പ്രാച്ചെ കത്തില്‍ ആരോപിക്കുന്നു.

വില്ലേജ് മുദ്ര വെച്ചതും 65 ദിവസമായിട്ടും തുറക്കാത്തതും കടുത്ത നിയമവിരുദ്ധമാണെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.എം യാസിര്‍

We use cookies to give you the best possible experience. Learn more