രോഹിത്തിന്റെ റെക്കോഡിനിടയില്‍ ഇവരെ മുക്കിക്കളയല്ലേ... ഇന്ത്യക്കെതിരെ കുറിച്ചത് ചരിത്രം
icc world cup
രോഹിത്തിന്റെ റെക്കോഡിനിടയില്‍ ഇവരെ മുക്കിക്കളയല്ലേ... ഇന്ത്യക്കെതിരെ കുറിച്ചത് ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th October 2023, 10:24 pm

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് അഫ്ഗാന്‍ കരുത്തരായ ഇന്ത്യയോട് പരാജയപ്പെട്ടത്. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 90 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

കരുത്തരായ ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന് മുമ്പില്‍ മോശമല്ലാത്ത സ്‌കോര്‍ പടുത്തയര്‍ത്താന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും സൂപ്പര്‍ താരം അസ്മത്തുള്ള ഒമറാസിയുടെയും ചെറുത്തുനില്‍പാണ് അഫ്ഗാനെ 50 ഓവറില്‍ 272ലെത്തിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് കളം വിട്ടത്.

ഷാഹിദി 88 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 80 റണ്‍സ് നേടിയപ്പോള്‍ 69 പന്തില്‍ 62 റണ്‍സാണ് ഒമറാസി നേടിയത്. നാല് സിക്‌സറും രണ്ട് ബൗണ്ടറിയുമാണ് ഒമറാസി സ്വന്തമാക്കിയത്.

നാലാം വിക്കറ്റിലെ ഇരുവരുടെയും ചെറുത്തുനില്‍പാണ് അഫ്ഗാനിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 121 റണ്‍സാണ് ഇവര്‍ നാലാം വിക്കറ്റില്‍ ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.

ഈ കൂട്ടുകെട്ട് ഇവരെ ഒരു റെക്കോഡ് നേട്ടത്തിലേക്കും കൊണ്ടുചെന്നെത്തിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ അഫ്ഗാന്‍ താരങ്ങള്‍ പടുത്തുയര്‍ത്തിയ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

2018ല്‍ ജാവേദ് അഹമ്മദിയും മുഹമ്മദ് ഷഹസാദും ചേര്‍ന്ന് സ്വന്തമാക്കിയ 65 റണ്‍സിന്റെ റെക്കോഡാണ് ഷാഹിദി – ഒമറാസി സഖ്യം തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.

ഇതിന് പുറമെ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി മറ്റൊരു റെക്കോഡും തന്റെപേരില്‍ കുറിച്ചിരുന്നു. ലോകകപ്പില്‍ ഒരു അഫ്ഗാനിസ്ഥാന്‍ താരം നേടുന്ന ഏറ്റവും മികച്ച മൂന്നാമത് സ്‌കോര്‍ എന്ന റെക്കോഡാണ് ഷാഹിദി സ്വന്തമാക്കിയത്.

ലോകകപ്പില്‍ അഫ്ഗാന്‍ താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍

(താരം – സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സമിയുള്ള ഷെന്‍വാരി – 96 – സ്‌കോട്‌ലാന്‍ഡ് – 2015

ഇക്രം അലിഖില്‍ – 86 – വെസ്റ്റ് ഇന്‍ഡീസ് – 2019

ഹസ്മത്തുള്ള ഷാഹിദി – 80 – ഇന്ത്യ – 2023

ഹസ്മത്തുള്ള ഷാഹിദി – 76 – ഇംഗ്ലണ്ട് – 2019

ഒക്ടോബര്‍ 15നാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. ഇതേ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരം കളിക്കുക.

 

 

Content Highlight:  Hasmatullah Shahidi and Azmatullah Omarzai script a special record against India