| Thursday, 23rd February 2012, 10:30 am

മുഹമ്മദ് യൂനുസിനെ ലോകബാങ്ക് അധ്യക്ഷനാക്കണം: ബംഗ്ലാദേശ് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: പാവങ്ങളുടെ ബാങ്കര്‍ എന്നറിയപ്പെടുന്ന നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യുനുസിനെ ലോകബാങ്കിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന നിര്‍ദേശിച്ചു. യൂനുസിനെ ലോകബാങ്കിന്റെ അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കണമെന്ന് ഷൈഖ് ഹസീന യൂറോപ്യന്‍ യൂണിയനോടാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ ഹസീന ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാരുമായുള്ള ഭിന്നതയെത്തുടര്‍ന്ന് യൂനുസിനെ അടുത്തിടെ ലോകബാങ്കിന്റെ മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു. ദാരിദ്ര്യത്തിനെതിരായി യൂനുസിന്റെ പോരാട്ടത്തെ പ്രകീര്‍ത്തിച്ച ഹസീന വിമര്‍ശനങ്ങള്‍ നിര്‍ത്തി നിന്നു യൂനുസിനെ പിന്തുണക്കുന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. ചെറുകിട വായ്പാ സമ്പ്രദായത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു തന്റേതായ സംഭാവന നല്‍കിയ യൂനുസ് ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണെന്നാണ് ഹസീന പറഞ്ഞത്.

ബംഗ്ലദേശ് ജനതയുടെ ജീവിതം മാറ്റിമറിച്ച പ്രശസ്തമായ ചെറുകിട വായ്പ സംരംഭമായ ഗ്രാമീണ ബാങ്കിന്റെ ഉപജ്ഞാതാവാണ് മുഹമ്മദ് യൂനുസ്. മുപ്പതു വര്‍ഷം മുമ്പാണ് മുഹമ്മദ് യൂനുസ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ചത്. ബാങ്ക് മേധാവി സ്ഥാനത്തു നിന്നു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂനുസ് സുപ്രീംകോടതിയെ സമീച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല.

ലോകബാങ്കിന്റെ നിലവിലെ അധ്യക്ഷന്‍ റോബര്‍ട്ട് സോളിക്കിന്റെ കാലാവധി ജൂണ്‍ മാസം അവസാനിക്കുകയാണ്. പരമ്പരാഗതമായി അമേരിക്കക്കാണ് അധ്യക്ഷ സ്ഥാനം. എന്നാല്‍ എപ്പോഴും അമേരിക്കക്കാരനെ തന്നെ ലോകബാങ്ക് മേധാവിയായി നിയമിക്കുന്നതിനെതിരെ ചൈന രംഗത്ത് വന്നിട്ടുണ്ട്. സോളിക്കിനു പകരം അമേരിക്കയില്‍ നിന്നുള്ള വ്യക്തി തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നു ഒബാമ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.

ലോകബാങ്ക് തലപ്പത്ത് അമേരിക്കക്കാരന്‍ വേണ്ട, യോഗ്യത മാനദണ്ഡമാക്കണം

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more