ന്യൂദൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഭാവി നടപടികൾ തീരുമാനിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിന് പിന്നാലെയാണ് എസ്. ജയശങ്കറിന്റെ പരാമർശം.
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തിരുന്നു. എസ് ജയശങ്കർ സർവകക്ഷി യോഗത്തെക്കുറിച്ച് സംസാരിക്കുകയും എല്ലാ പാർട്ടികളുടെയും ഏകകണ്ഠമായ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു. തന്റെ എക്സ് പോസ്റ്റിൽ പാർലമെൻ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ജയശങ്കർ പങ്കുവച്ചിട്ടുണ്ട്.
അതോടൊപ്പം പതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സൈന്യവുമായി ഇന്ത്യ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പാർലമെൻ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടി നേതാക്കളെ കണ്ടതിന് ശേഷം ജയശങ്കർ പറഞ്ഞു.
‘ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇന്ന് പാർലമെൻ്റിൽ ഒരു സർവകക്ഷി യോഗത്തിൽ ഞങ്ങൾ സംസാരിച്ചു. ചർച്ചയിലെ തീരുമാനങ്ങൾക്ക് ഏകകണ്ഠമായ പിന്തുണ ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് സർക്കാർ സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്തതായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു.
ദേശീയ സുരക്ഷയുടെയും ദേശീയ താത്പര്യത്തിന്റെയും കാര്യത്തിൽ കോൺഗ്രസ് പാർട്ടി പൂർണമായും സർക്കാരിനൊപ്പമാണെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.
രാജിക്ക് പിന്നാലെ അവര്‍ ഇന്ത്യയില്‍ അഭയം തേടി. ദല്‍ഹിയിലാണ് നിലവില്‍ ഷെയ്ഖ് ഹസീനയുള്ളത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിലെ പ്രക്ഷോഭം വഷളായിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തടയുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനും സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Hasina in shock, government giving her time before speaking to her: Jaishankar at all-party briefing