| Tuesday, 27th March 2018, 12:33 pm

'സ്റ്റില്‍ ഐ ലവ് യു'; അപകടം പറ്റണമെന്ന് ഞാനാഗ്രഹിച്ചിട്ടില്ല; ഷമിയെ എത്രയും വേഗത്തില്‍ കാണണമെന്നും ഹസിന്‍ ജഹാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തിടെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ഗാര്‍ഹിക പീഡനാരോപണങ്ങള്‍. പീഡനത്തിനു പൊലീസില്‍ പരാതി നല്‍കിയതിനു പുറമെ ഷമിയ്‌ക്കെതിരെ ഒത്തുകളി ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് താരത്തിന്റെ കരാര്‍ പുതുക്കാതിരുന്ന ബി.സി.സി.ഐ ഒത്തുകളി വിവാദം അന്വേഷിച്ചതിനു ശേഷം താരത്തിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഷമിയ്ക്ക് കാറപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷമിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. ഇതിനു പിന്നാലെ ഷമിയെ കാണണമെന്ന ആഗ്രഹം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഹസിന്‍ ജഹാന്‍.

ഷമിയ്ക്ക് അപകടം പറ്റണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ് ഹസിന്‍ പറയുന്നത്. “ഞാന്‍ പോരാടിയത് അദ്ദേഹം എന്നോട് ചെയ്തതിനെതിരെയാണ്. ശാരീരികമായി വേദനിക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിനെന്നെ ഭാര്യയായി വേണ്ടായിരിക്കും. പക്ഷേ എനിക്കിപ്പോഴും അദ്ദേഹത്തെ ഇഷ്ടമാണ്. അയാളെന്റെ ഭര്‍ത്താവാണ്.” ഹസിന്‍ ജഹാന്‍ പറഞ്ഞു.

എത്രയും പെട്ടന്ന് പരിക്കുകള്‍ ഭേദപ്പെടട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഹസിന്‍ പറയുന്നു. “ഞാനദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ എന്റെ ഫോണ്‍ കോളുകളോട് വരെ അയാള്‍ പ്രതികരിക്കുന്നില്ല.” ഹസിന്‍ പറഞ്ഞു.

Watch This Video: 

We use cookies to give you the best possible experience. Learn more