കോഴിക്കോട്: അധ്യാപകരുടെ വര്‍ഗീയ പീഡനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍.
ഫാത്തിമ ലത്തീഫിന് നീതി ലഭിക്കുക, ഇന്ത്യന്‍ ക്യാംപസുകളിലെ മുസ്‌ലീം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യ വല്‍ക്കരണത്തെ ചെറുക്കുക, ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഹാഷ്ടാഗ് ക്യാംപയിന്‍ നടക്കുന്നത്.
എസ്.എഫ്.ഐ, ക്യാമ്പസ് ഫ്രണ്ട്, ഫ്രട്ടേണിറ്റി തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ക്യാംപയിനിന്റെ ഭാഗമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഫാത്തിമ കൊല്ലം സ്വദേശിയാണ്.
ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ഫാത്തിമ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് കാരണം ഈ അധ്യാപകരാണെന്ന് ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഇതെന്റെ അവസാന കുറിപ്പാണ്…
എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’ ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, ഐ.ഐ.ടിയില്‍ തന്റെ മകള്‍ക്ക് മതപരമായ പല വേര്‍തിരിവുകളും നേരിടേണ്ടി വന്നിരുന്നതായി മാതാവ് സജിത പറഞ്ഞിരുന്നു. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നെന്നും സജിത പറഞ്ഞിരുന്നു.
‘എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്സിറ്റിയില്‍ അയക്കാത്തത്. തമിഴ്നാട്ടില്‍ ഇങ്ങനെയൊരു അവസ്ഥ അവള്‍ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയില്ല. ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചത്”- സജിത പറഞ്ഞിരുന്നു.
ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു.
തമിഴ്നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, ഫാത്തിമയുടെ ആത്മഹത്യയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രൊഫസര്‍ക്കെതിരെ ഐ.ഐ.ടി മദ്രാസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐ.ഐ.ടികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിദ്യാര്‍ഥി ആത്മഹത്യകളെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.